/kalakaumudi/media/media_files/2025/11/01/hostel-2025-11-01-07-27-22.jpg)
മംഗളൂരു: സ്വകാര്യ നഴ്‌സിങ് കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ ഉത്തര്‍പ്രദേശ് സ്വദേശിയായ കന്റീന്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മാസങ്ങളായി കന്റീനില്‍ ജോലി ചെയ്യുന്ന ഹമീദിനെയാണ് (21) അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികള്‍ ഇയാളെ പിടികൂടുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോളജ് മാനേജ്‌മെന്റും ഹോസ്റ്റല്‍ വാര്‍ഡനും പ്രതിക്കെതിരെ നടപടിയെടുക്കാന്‍ തയാറായില്ലെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. തന്റെ കയ്യില്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങളുണ്ടെന്നും നടപടിയെടുത്താല്‍ അവ പുറത്തുവിടുമെന്നും ഇയാള്‍ പറഞ്ഞതായും വിവരമുണ്ട്. കൂടാതെ പ്രതി ഉള്‍പ്പെടെയുള്ള കന്റീന്‍ ജീവനക്കാരായ ഉത്തര്‍പ്രദേശ് സ്വദേശികളുടെ താമസസ്ഥലത്തു നിന്ന് വിദ്യാര്‍ഥിനികള്‍ ലഹരിവസ്തുക്കളും കണ്ടെത്തി.
ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചു. വിദ്യാര്‍ഥിനികള്‍ ബാര്‍കെ പൊലീസിനെ വിവരം അറിയിച്ചതോടെ സ്വമേധയാ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്ത് ഡപ്യൂട്ടി കമ്മിഷണര്‍ക്ക് മുന്നില്‍ ഹാജരാക്കിയതായും പിന്നീട് ജാമ്യത്തില്‍ വിട്ടതായും പൊലീസ് പറഞ്ഞു. മംഗളൂരുവിലെ കോളജ് ഹോസ്റ്റലുകളില്‍ ഇത്തരം ദുരനുഭവങ്ങള്‍ സ്ഥിരമാണെന്നും അധികാരികള്‍ ഇതിനെതിരെ കണ്ണടയ്ക്കുകയാണെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
