മണ്ണന്തല കൊലപാതകം: അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തത് സഹോദരിയെ കൊല്ലാനാണെന്ന് ഷംഷാദ്;

സഹോദരിയുടെ നിരന്തരമായ ഫോണ്‍ ഉപയോഗമാണ് കൊലയ്ക്ക് കാരണമായതെന്ന് പ്രതി പറയുന്നു.

author-image
Jayakrishnan R
New Update
shaheena murder

shaheena murder

തിരുവനന്തപുരം: മണ്ണന്തല കൊലപാതകത്തില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട ഷെഹീനയുടെ സഹോദരന്‍ ഷംഷാദ്, സുഹൃത്ത് വിശാഖ് എന്നിവരെയാണ് കൊലപാതകം നടന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സഹോദരിയെ കൊല്ലാന്‍ വേണ്ടിയാണ് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തതെന്നും ചികിത്സയ്ക്ക് വേണ്ടിയെന്ന്  തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെയെത്തിച്ചതെന്നും ഷംഷാദ് പോലീസിന് മൊഴി നല്‍കി.


സഹോദരിയുടെ നിരന്തരമായ ഫോണ്‍ ഉപയോഗമാണ് കൊലയ്ക്ക് കാരണമായതെന്ന് പ്രതി പറയുന്നു. ഇതുമൂലം ഭര്‍ത്താവുമായി ഷെഹീന പിണങ്ങി. ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാനായി നിരന്തരം സഹോദരിയോട് ആവശ്യപ്പെട്ടു. കേള്‍ക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഷംഷാദ് പറയുന്നു. നേരത്തേ താമസിച്ചിരുന്ന വീട്ടില്‍വച്ച് കൊല്ലാനായിരുന്നു ആദ്യത്തെ പദ്ധതി. അടുത്ത് വീടുള്ളതിനാല്‍ അവിടെ നടക്കില്ല എന്ന ബോധ്യം ഉള്ളതുകൊണ്ടാണ് അപ്പാര്‍ട്ട്‌മെന്റ് എടുത്തത്. സമീപത്തെ അപ്പാര്‍ട്ട്‌മെന്റുകളില്‍ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയായിരുന്നു കൊല. ഒറ്റപ്പെട്ട അപ്പാര്‍ട്ട്‌മെന്റ് ആയാല്‍ ശബ്ദം പുറത്തു കേള്‍ക്കില്ലെന്ന് കരുതിയെന്നും പ്രതി പോലീസിനോട് പറഞ്ഞു.

മൂന്നുദിവസത്തോളം ഷെഹീനയെ ഷംഷാദ് ക്രൂരമായ മര്‍ദനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മര്‍ദനത്തില്‍ ഷെഹീനയുടെ തലയോട്ടി പൊട്ടിയിരുന്നു. രണ്ടുവശത്തെയും വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. കൂടാതെ ശരീരമാസകലം നഖമുപയോഗിച്ച് മാന്തിയതിന്റെയും ഉരഞ്ഞതിന്റെയും പാടുകളുണ്ട്. ശരീത്തില്‍ കടിയേറ്റതിന്റെയും പാടുകളുണ്ടായിരുന്നു.
മരണം ഉറപ്പാക്കിയശേഷമാണ് അടുത്ത സുഹൃത്തായ ചെമ്പഴന്തി സ്വദേശി വൈശാഖിനെ ഷംഷാദ് വിളിച്ചുവരുത്തിയത്. ആരും അറിയാതെ ഷെഹീനയുടെ മൃതദേഹം ഒളിപ്പിക്കാനായിരുന്നു ശ്രമം. അപ്പോഴാണ് അപ്രതീക്ഷിതമായി ഇവരുടെ മാതാപിതാക്കള്‍ എത്തിയത്. ഇവര്‍ പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.
വൈശാഖിനെതിരേ അടിപിടിയും മോഷണവുമടക്കം എഴ് കേസുകളുണ്ട്. ഷംഷാദിനെതിരേയും സമാനമായ അഞ്ച് കേസുകളുണ്ട്.

നാലു ദിവസത്തക്കോണ് പ്രതികളെ കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. കൊലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍  പ്രതികളെ  എത്തിച്ച് തെളിവെടുപ്പ് നടത്തും.

 

 

Crime murder