/kalakaumudi/media/media_files/2026/02/20/eipv02c97590-2026-02-20-19-56-48.jpg)
കരുനാഗപ്പള്ളി: ഗോവയിൽ നിന്ന് ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന വിദേശമദ്യവുമായി ഒരാളെ കരുനാഗപ്പള്ളി എക്സൈസ് സംഘം പിടികൂടി. കൊല്ലം വടക്കേവിള അയത്തിൽ സ്വദേശിയും നിലവിൽ വർക്കല അയിരൂർ പാളയംകുന്ന് ഭാഗത്ത് താമസക്കാരനുമായ ജിജോ (41) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 58 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 43.5 ലിറ്റർ ഗോവൻ മദ്യവും കടത്താനുപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും (KL 04 U 3029) എക്സൈസ് കസ്റ്റഡിയിലെടുത്തു.
​വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10-ഓടെ കരുനാഗപ്പള്ളി കാരോട്ട് മുക്കിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ ലതീഷ്. എസ്-ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ അന്യസംസ്ഥാന മദ്യം എത്തിച്ചുനൽകുന്ന വലിയൊരു സംഘത്തിലെ പ്രധാനിയാണ് ജിജോ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
​നേരത്തെ കരുനാഗപ്പള്ളി ഭാഗത്ത് ഗോവൻ മദ്യം വിതരണം ചെയ്തതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഗോവയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മദ്യം കേരളത്തിലെത്തിച്ച് വൻ തുകയ്ക്കാണ് ഇയാൾ വിൽപന നടത്തിയിരുന്നത്.
​എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രഘു കെ.ജി, അജയകുമാർ, ഉണ്ണിക്കൃഷ്ണപിള്ള, പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ്, സുജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മോളി, സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ, അജയഘോഷ്, ചാൾസ്, കിഷോർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
