/kalakaumudi/media/media_files/2025/09/24/img-20250924-wa0003-2025-09-24-19-35-27.jpg)
കൊല്ലം: സംസ്ഥാനത്ത് വിൽപനാവകാശമില്ലാത്ത 123 ലിറ്റർ ഗോവൻ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജോസഫ് (45) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം എക്സൈസ് സർക്കിൾ ഓഫീസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ. ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് മദ്യം പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഷാഡോ സംഘവും കൊല്ലം ഐബിയും നടത്തിയ നിരീക്ഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. ഗോവയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യം ഇയാൾ രണ്ട് സ്ഥലങ്ങളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
പ്രതിയായ ജോസഫ് നൽകിയ വിവരമനുസരിച്ച് തേവള്ളി കോട്ടമുക്കിലെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും 45 ലിറ്റർ (60 കുപ്പി) മദ്യം കണ്ടെടുത്തു. തുടർന്ന് കൊല്ലം കല്ലുപാലത്തിന് സമീപമുള്ള മറ്റൊരു ഒഴിഞ്ഞ പുരയിടത്തിൽ നിന്നും 78 ലിറ്റർ (104 കുപ്പി) മദ്യവും പിടിച്ചെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച KL 02 BP 8032 നമ്പർ സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
ഗോവയിൽ നിന്ന് ഇയാൾക്ക് മദ്യം എത്തിച്ചുനൽകുന്ന പ്രധാനിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു.
റെയ്ഡ് നടത്തിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സതീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ശ്യാം കുമാർ, അജീഷ് ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത, ഡ്രൈവർ ശിവപ്രകാശ് എന്നിവരും പങ്കെടുത്തു.