ന്യൂഡല്‍ഹി : മയൂര്‍ വിഹാറിലും സമീപ പ്രദേശത്തും മൊബൈല്‍ തട്ടിപ്പറിക്കല്‍ സംഘം ഇറങ്ങി. 14 മണിക്കൂറുകൊണ്ട് 5 പേരില്‍ നിന്നാണ് മൊബൈല്‍ തട്ടിപ്പറിച്ച് ഓടിയത്. മോഷണം തടയാന്‍ ശ്രമിച്ചാല്‍ സംഘം ആക്രമിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ഉണ്ടായ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. മയൂര്‍ വിഹാറിന്റെ 2 കിലോമീറ്റര്‍ ചുറ്റളവിലാണ് കഴിഞ്ഞ ദിവസം 5 ആക്രമണങ്ങളും നടന്നത്.
റോഡരികിലൂടെ മൊബൈലില്‍ സംസാരിച്ച് കൊണ്ട് പോകുന്നവരാണ് മോഷണ സംഘത്തിന്റെ ലക്ഷ്യം. ബൈക്കിലെത്തുന്ന സംഘം കറുത്ത ഹെല്‍മറ്റ് ധരിച്ചാണ് മൊബൈല്‍ തട്ടിയെടുക്കാന്‍ എത്തുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മയൂര്‍ വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ അഞ്ച് കേസുകളിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം നാലു മണിക്കും സെപ്തംബര്‍ രണ്ടിന് രാവിലെ ആറരയ്ക്കും ഇടയിലാണ് മൊബൈല്‍ തട്ടിപ്പറിക്കുന്ന സംഘത്തിന്റെ ആക്രമണം നടന്നത്. ആക്രമണത്തില്‍ കുത്തേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിവിധ തരത്തിലാണ് രാജ്യത്ത് മോഷങ്ങളും ആക്രമണങ്ങളും നടക്കുന്നത്. 2023ലെ കണക്കനുസരിച്ച് ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കാര്‍ മോഷണങ്ങള്‍ നടക്കുന്നത്.