/kalakaumudi/media/media_files/2025/06/30/thattasfd-2025-06-30-21-39-28.jpg)
കൊച്ചി: തായ്‌വാനില്‍ നിന്ന് അപൂര്‍വ ഇനം കുരങ്ങന്‍മാരെയും പക്ഷിയെയും കടത്തിയ 2 യാത്രക്കാര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. പത്തനംതിട്ട സ്വദേശികളും ദമ്പതികളുമായ ജോബ്‌സണ്‍ ജോയി, ആര്യമോള്‍ എന്നിവരാണ് വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ഇന്ന് വെളുപ്പിന് ബാങ്കോക്കില്‍ നിന്ന് നെടുമ്പാശേരിയില്‍ എത്തിച്ചേര്‍ന്ന ടിജി 347 തായ് എയര്‍വേയ്‌സ് വിമാനത്തില്‍ എത്തിയ ഇവരുടെ ചെക്കിന്‍ ഇന്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃഗങ്ങളും പക്ഷിയും. ഇന്ത്യയില്‍ വളര്‍ത്തുന്നത് നിയമംമൂലം നിരോധിച്ചിട്ടുള്ളതും വന്യജീവി വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമാണ് ഇവ.
കോമണ്‍ മാമോസെറ്റ് എന്ന മൂന്ന് കുഞ്ഞന്‍ കുരങ്ങന്മാര്‍ , വൈറ്റ് ലിപ്പ്ഡ് ടാമരിന്‍ എന്ന പേരിലുള്ള മറ്റ് രണ്ട് കുഞ്ഞന്‍ കുരങ്ങന്മാര്‍, ഹയാസിന്ത് മക്കോവ് എന്ന അപൂര്‍വ ഇനം തത്ത എന്നിവയാണ് യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തത്. ബ്രസീല്‍, ബൊളീവിയ തുടങ്ങി ആമസോണ്‍ കാടുകളില്‍ കാണപ്പെടുന്നതാണ് കോമണ്‍ മാമോസെറ്റ്. അര കിലോ വരെയാണ് ഇതിന്റെ ഭാരം. ബ്രസീലില്‍ കാണപ്പെടുന്നതാണ് വൈറ്റ് ലിപ്പ്ഡ് ടാമരിന്‍. 20 സെന്റീമീറ്റര്‍ വരെയാണ് ഇവയ്ക്ക് വലുപ്പം വയ്ക്കുക. 350 ഗ്രാം വരെയാണ് ഭാരം. ബ്രസീലില്‍ സംരക്ഷിത പക്ഷികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഹയാസിന്ത് മക്കോവ്. ഒരു മീറ്റര്‍ വരെ നീളം വയ്ക്കുന്ന ഇവ പറക്കുന്ന തത്തകളില്‍ ഏറ്റവും വലുതാണ്.
വന്യജീവി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വന്യജീവികളെ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിച്ചിട്ടുള്ളതാണ്. അന്താരാഷ്ട്ര കരാറുകളുടെയും വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ നാലിന്റെയും പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവയുടെ വാണിജ്യ ഇടപാടും നിരോധിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ കേരള വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി.