ബെംഗളൂരു: വീണ്ടും സദാചാര ഗുണ്ടാ ആക്രമണം. ബെംഗളുരുവിലെ ഒരു പാർക്കിൽ ഇരിക്കുകയായിരുന്ന മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വിവാദമായിരിക്കുകയാണ്.
അതേ സമയം, എവിടെ നിന്നാണ് ദൃശ്യം പകർത്തിയതെന്ന് വ്യക്തമല്ല. യുവതിയോട് ബുർഖ മാറ്റാനും പേര് പറയാനും അക്രമിസംഘം ആക്രോശിക്കുന്നത് കേൾക്കാം. ഉപദ്രവിക്കരുതെന്ന് ഇവർ കരഞ്ഞ് പറഞ്ഞിട്ടും അക്രമികൾ ഇവരെ തടഞ്ഞ് വച്ചതായി ദൃശ്യങ്ങളിൽ കാണാം.
ബെംഗളുരു പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ അറിയിച്ചു. അക്രമി സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.