/kalakaumudi/media/media_files/2025/02/16/V9KEFPNL0FZAU6TioXVi.jpg)
Marco Ebban
മെക്സിക്കോ: യൂറോപ്പിലെ 'മോസ്റ്റ് വാണ്ടഡ്' കുറ്റവാളികളിലൊരാളും കുപ്രസിദ്ധ മയക്കുമരുന്നുകടത്തുകാരനുമായ മാര്‍ക്കോ എബണ്‍ (32) മെക്സിക്കോയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തലസ്ഥാനമായ മെക്സിക്കോസിറ്റിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള എടിസപാന്‍ ഡി സരഗോസയില്‍വെച്ചാണ് മാര്‍ക്കോ കൊല്ലപ്പെട്ടത്. അണ്ടര്‍ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
ബ്രസീലില്‍നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് നെതര്‍ലന്‍ഡ്സിലേക്ക് കടത്തിയതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ ലോ എന്‍ഫോഴ്സ്മെന്റ് എജന്‍സിയായ യൂറോപോള്‍ മാര്‍ക്കോയെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
2019-ല്‍ മാര്‍ക്കോയും കൂട്ടാളികളും ചേര്‍ന്ന് നാനൂറു കിലോയോളം കൊക്കെയ്നാണ് പൈനാപ്പിള്‍ നിറച്ച കണ്ടെയ്നറുകളില്‍ ബ്രസീലില്‍നിന്ന് നെതര്‍ലന്‍ഡിലേക്ക് ഒളിപ്പിച്ച് കടത്തിയതെന്ന് യൂറോപോള്‍ പറയുന്നു. ഇതിന് ഏഴുകൊല്ലത്തെ ശിക്ഷ ഇയാള്‍ക്ക് ലഭിച്ചിരുന്നു.
അറസ്റ്റില്‍നിന്നും ശിക്ഷയില്‍നിന്നും രക്ഷപ്പെടുന്നതിന്റെ ഭാഗമായി മരിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും മാര്‍ക്കോ നടത്തിയിരുന്നു. കഴിഞ്ഞകൊല്ലം ഒക്ടോബറിലായിരുന്നു ഇത്.
രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മാര്‍ക്കോ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അന്ന് ചെയ്തത്. എന്നാല്‍, മൃതശരീരം തിരിച്ചറിഞ്ഞുവെന്ന മാര്‍ക്കോയുടെ പെണ്‍സുഹൃത്ത് എന്ന് അവകാശപ്പെട്ടയാളുടെ മൊഴിയല്ലാതെ മറ്റൊരു തെളിവും മാര്‍ക്കോ കൊല്ലപ്പെട്ടതിന്റേതായി ഉണ്ടായിരുന്നുമില്ല.