പ്രമുഖ വാക്സിന്‍ വിരുദ്ധയും ഗൂഢാലോചനാ സിദ്ധാന്തക്കാരിയുമായ കേറ്റ് ഷെമിറാനിയ്ക്കെതിരേ ഗുരുതര ആരോപണവുമായി മക്കള്‍. കാന്‍സര്‍ ബാധിതയായ സഹോദരി പലോമ ഷെമിറാനിയെ ചികിത്സിയ്ക്കാന്‍ മാതാവ് അനുവദിച്ചില്ലെന്നും ഒടുവില്‍ മരണപ്പെട്ടുവെന്നും ഗബ്രിയേല്‍ ഷെമിറാനിയും സെബാസ്റ്റിന്‍ ഷെമിറാനിയും ആരോപിച്ചു. 2024 ജൂലൈ മാസത്തിലാണ് ഇരുപത്തിമൂന്നുകാരിയായ പലോമ മരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തിയാണ് കേറ്റ്. നേഴ്സ് കൂടിയായിരുന്നു ഇവര്‍. 2012-ല്‍ തനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചുവെന്നും സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിലേക്ക് വന്നപ്പോള്‍ തനിയെ സുഖപ്പെട്ടുമെന്നാണ് കേറ്റിന്റെ അവകാശവാദം. എന്നാല്‍, മാതാവ് കള്ളം പറയുകയാണെന്നും ശസ്ത്രക്രിയിലൂടെയാണ് ട്യൂമര്‍ നീക്കം ചെയ്തതെന്നും മക്കള്‍ പറയുന്നു. രണ്ട് സ്തനങ്ങളും നീക്കുകയും ചെയ്തു.
പലോമയ്ക്ക് 2023 അവസാനത്തിലാണ് നോണ്‍-ഹോഡ്ജ്കിന്‍ ലിംഫോമ ഉണ്ടെന്ന് കണ്ടെത്തിയത്. കീമോതെറാപ്പി ചെയ്തപ്പോള്‍ രോഗം ഭേദപ്പെട്ടു. മാത്രവുമല്ല, അതിജീവിക്കാനുള്ള സാധ്യത 80 ശതമാനത്തിലേറെയാണെന്ന് ഡോക്ടര്‍മാര്‍ പറയുകയും ചെയ്തു. അതിനിടെയാണ് കേറ്റിന്റെ രംഗപ്രവേശം. ഭര്‍ത്താവുമായുള്ള വിവാഹമോചനത്തിന് ശേഷം മക്കളുമായി കേറ്റ് കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. സെബാസ്റ്റിനും ഗബ്രിയേലും കേറ്റിനോട് സംസാരിക്കുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍, സഹോദരി പലോമ മാതാവുമായി ബന്ധം പുലര്‍ത്തിപ്പോന്നു.
രോഗബാധിതയായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ പലോമയെ കാണാന്‍ കേറ്റ് വന്നു. അതിനുശേഷം കീമോതെറാപ്പി ചെയ്യാന്‍ പലോമ സമ്മതിച്ചില്ല. ജ്യൂസുകളും സപ്ലിമെന്റുകളും കഴിച്ചാല്‍ അര്‍ബുദം മാറുമെന്ന് പലോമയെ കേറ്റ് ധരിപ്പിച്ചു. അതോടെ, ശാസ്ത്രീയമായ ചികിത്സാ രീതികള്‍ വേണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടി വാശിപിടിച്ചു. പിന്നീട് പലോമയുടെ പരിചരണം കേറ്റ് ഏറ്റെടുത്തു. ഒടുവില്‍ രോഗം വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ മരണപ്പെടുകയും ചെയ്തു.
മകളുടെ മരണശേഷം ആരോപണങ്ങള്‍ വന്നതോടെ കേറ്റ് പ്രതികരണവുമായി രംഗത്തുവന്നു. വൈദ്യശാസ്ത്രം ഒരു നുണയാണ്, ആരോഗ്യ സംരക്ഷണം എന്ന് നമ്മള്‍ ഒരിക്കല്‍ വിശ്വസിച്ചിരുന്നത് ഇപ്പോള്‍ 'കൊലപാതക സേവന'മാണെന്നാണ് കേറ്റിന്റെ വാദം.
കോവിഡുമായി ബന്ധപ്പെട്ട അശാസ്ത്രീയ പ്രചരണങ്ങളിലൂടെയാണ് കേറ്റ് ജനശ്രദ്ധ നേടുന്നത്. അറുപതുകാരിയായ കേറ്റ്, 'നാച്ചുറല്‍ നഴ്‌സ്' എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
ലോകത്ത് കൂട്ടക്കൊല നടത്താന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഒരുക്കിയ പദ്ധതിയാണ് കോവിഡെന്നും ഇവര്‍ ആരോപിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് അമേരിക്കയിലെ നിഗൂഢ സംഘങ്ങളാണെന്ന് ഇവര്‍ പറഞ്ഞത് നേരത്തേ വലിയ വിവാദമായിരുന്നു. വാക്സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ക്ക് പിന്നാലെ 2020-ല്‍ ഇവരുടെ നഴ്സിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.