കാസര്‍കോട് : ഭാര്യയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജ്യോത്സ്യനും മകനും അറസ്റ്റില്‍. കര്‍ണാടക ധര്‍മസ്ഥല ബെലാളുവിലെ റിട്ട. അധ്യാപകനായ ബാലകൃഷ്ണ വടക്കില്ലായയെ (83) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുള്ളേരിയ ബെള്ളിഗെ ഒടമ്പളയിലെ ജ്യോത്സ്യന്‍ രാഘവേന്ദ്ര കെദില്ലായ (53), മകന്‍ മുരളീകൃഷ്ണ (20) എന്നിവരെയാണ് ധര്‍മസ്ഥല പോലീസ് അറസ്റ്റ് ചെയ്തത്. ഒടമ്പളയിലെ വീട്ടില്‍നിന്നാണ് ഇരുവരും അറസ്റ്റിലായത്. 20നാണ് ബാലകൃഷ്ണനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പകല്‍ മറ്റാരും വീട്ടിലില്ലാത്ത സമയത്താണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്.
ബാലകൃഷ്ണയുടെ ഭാര്യ വര്‍ഷങ്ങള്‍ക്കുമുന്നേ മരിച്ചിരുന്നു. ഇവരുടെ സ്വര്‍ണവും പണവും പലതവണ മകള്‍ വിജയലക്ഷ്മിയുടെ ഭര്‍ത്താവായ രാഘവേന്ദ്ര ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്‍കാന്‍ തയ്യാറായില്ല. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. മകനോടൊപ്പമായിരുന്നു ബാലകൃഷ്ണ താമസിച്ചിരുന്നത്. രാഘവേന്ദ്രയും മുരളീകൃഷ്ണയും രണ്ടു വാഹനങ്ങളിലായാണ് സംഭവദിവസം രാവിലെ മുള്ളേരിയയിലെ വീട്ടില്‍നിന്ന് ഇറങ്ങിയത്. മംഗളൂരുവിലെത്തിയപ്പോള്‍ മകന്റെ വാഹനം അവിടെവെച്ച് ഇരുവരും രാഘവേന്ദ്രയുടെ വണ്ടിയില്‍ യാത്ര തുടര്‍ന്നു. വീട്ടിലെത്തി മൂന്നുപേരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചശേഷം രാഘവേന്ദ്ര സ്വര്‍ണം ആവശ്യപ്പെട്ടു. അത് നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.