മുഹമ്മദിനെ കാണാതായിട്ട് 675 ദിവസം;അന്വേഷണം വഴിത്തിരിവില്‍.

മുഹമ്മദിനെ  കാണാതായിട്ട് 675 ദിവസം തികഞ്ഞ അവസ്ഥയിലാണ് അത്രതന്നെ പഴക്കമുള്ള ചില വിവരങ്ങള്‍ തേടി സംഘം വീണ്ടും അന്വേഷണം ഊര്‍ജിതമാക്കുന്നത്.

author-image
Jayakrishnan R
New Update
missing



 

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ ബാലുശ്ശേരി സ്വദേശി ആട്ടൂര്‍ മുഹമ്മദ് എന്ന മാമിയെ (57) കാണാതായ കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവില്‍. അടുത്തിടെ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി വിവരശേഖരണം തുടങ്ങി.

മുഹമ്മദിനെ  കാണാതായിട്ട് 675 ദിവസം തികഞ്ഞ അവസ്ഥയിലാണ് അത്രതന്നെ പഴക്കമുള്ള ചില വിവരങ്ങള്‍ തേടി സംഘം വീണ്ടും അന്വേഷണം ഊര്‍ജിതമാക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുതന്നെ 290 ദിവസങ്ങളായി. അടുത്തിടെ അന്വേഷണസംഘത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ മാറ്റി പകരം നിയമനം നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ കോള്‍ രേഖകളും ഉപയോഗിച്ചുള്ള അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് പുതിയൊരു വിവരം ലഭിച്ചത്. നേരത്തേ നടക്കാവ് പോലീസും കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ചപ്പോള്‍ ശേഖരിച്ചുവെച്ചിരുന്ന ചില ഫോണ്‍കോള്‍രേഖകള്‍ ഈ ഘട്ടത്തിലും ഗുണം ചെയ്യുമെന്നാണ് അറിയുന്നത്.

മുഹമ്മദിന്റെ രണ്ട് മൊബൈല്‍ഫോണുകളും ഒന്നിച്ച് ഓഫായ തലക്കുളത്തൂര്‍ ഭാഗത്തെ വിവിധ മൊബൈല്‍ ടവറുകളില്‍നിന്നെടുത്ത ചില ഫോണ്‍നമ്പറുകളാണ് തെളിവായി മുന്നിലുള്ളത്. 14 മൊബൈല്‍നമ്പറുകളാണ് പ്രധാനമായും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഈ മൊബൈല്‍ നമ്പറുകളുടെ ഉടമകളെ ഉള്‍പ്പെടെ 200-ലേറെപ്പേരെ ഇതിനകം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തുകഴിഞ്ഞു. ഇതില്‍ ചിലര്‍ നല്‍കിയ മൊഴികള്‍ വാസ്തവമാണെന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണ്.

2023 ഓഗസ്റ്റ് 21-ന് അരയിടത്തുപാലത്തെ ഒരു കെട്ടിടത്തില്‍നിന്ന് ഒരു വാഹനത്തില്‍ കയറി തലക്കുളത്തൂര്‍ ഭാഗത്തേക്കാണ് മുഹമ്മദ് പോയത്. അടുത്തദിവസംവരെ തലക്കുളത്തൂര്‍ പ്രദേശത്തുണ്ടായിരുന്ന മുഹമ്മദുമായി  ഫോണില്‍ സംസാരിച്ചപ്പോഴെല്ലാം ഒപ്പം മൂന്നോ അതിലധികമോ ആളുകള്‍ ഉണ്ടായിരുന്നതായും അവരുടെ ശബ്ദം ഇതിനിടെ കേട്ടിരുന്നതായും വീട്ടുകാര്‍ മൊഴിനല്‍കിയിട്ടുണ്ട്.


കാണാതായി എന്ന പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന 'മിസിങ്' കേസുകളുടെ അന്വേഷണത്തില്‍ സിറ്റി പോലീസ് കൂടുതല്‍ മികവാര്‍ജിച്ചു.
മുഹമ്മദ്  കേസില്‍ 'ഗോള്‍ഡന്‍ അവേഴ്‌സ്' നഷ്ടപ്പെടുത്തിയെന്ന് സ്വയം വിമര്‍ശിക്കുന്ന പോലീസ് അതിനുശേഷം വന്ന എല്ലാ പരാതികളും മണിക്കൂറുകള്‍കൊണ്ട് അന്വേഷിച്ച് കണ്ടെത്തുന്ന രീതിയിലേക്ക് മാറി. ഈ വിഷയത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍ അമിത താത്പര്യവുമെടുത്തു.

അദ്ദേഹം ചുമതല ഏല്‍ക്കുന്നതിനുമുമ്പ് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ ലഭിച്ച ഒരു പരാതിയിലെ അന്വേഷണമാണ് ഇപ്പോള്‍ ലക്ഷ്യംകണ്ടിരിക്കുന്നത്. കാണാതായ ആളെ കണ്ടെത്തിയില്ലെങ്കിലും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് വലയിലാക്കിയിട്ടുണ്ട്. അടുത്തദിവസംതന്നെ ഇവരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് അറിയുന്നു. മൂന്ന് പ്രതികളാണ് നിലവില്‍ പോലീസിന്റെ വലയിലുള്ളത്.

 

Crime missing