/kalakaumudi/media/media_files/vSFbKR5mxBPpV4ZHxmV2.jpg)
ചെന്നൈ: സംശയത്തെത്തുടര്‍ന്ന് ഭാര്യയെ തലയറത്ത് കൊന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ തമിഴ് സെല്‍വനെയാണ് ചെന്നൈയില്‍വെച്ച് പൊലീസ് അറസ്റ്റ്ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ചെന്നൈയിലെത്തിയ പ്രതി, ഇതിനെക്കുറിച്ച് പൊതുസമൂഹത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ഒരു ടിവി ചാനല്‍ ഓഫിസിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജൂലായ് 31-നാണ് തലവായിപുരത്തെ വീട്ടില്‍വെച്ച് ഭാര്യ ഉമ മഹേശ്വരി(32)യെ പ്രതി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ ഇയാള്‍ക്ക് സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് വ്യക്തമാക്കി. സംശയത്തെത്തുടര്‍ന്ന് വീട്ടിനകത്തും പുറത്തും ഒട്ടേറെ സിസിടിവി ക്യാമറകളും ഇയാള്‍ സ്ഥാപിച്ചിരുന്നു.ജൂലായ് 31-ന് ഭാര്യയെ തലയറത്ത് കൊലപ്പെടുത്തിയശേഷം ഒന്‍പതും ഏഴും വയസ്സുള്ള മക്കളെയും കൂട്ടി ഇയാള്‍ ഭാര്യവീട്ടിലെത്തി. തുടര്‍ന്ന് മക്കളെ ഇവിടെ ഏല്‍പ്പിച്ചശേഷം പ്രതി ചെന്നൈയിലേക്ക് കടന്നുകളയുകയായിരുന്നു.
ശനിയാഴ്ചയാണ് തമിഴ്സെല്‍വന്‍ ചെന്നൈയിലെ ഒരു ടിവി ചാനലിന്റെ ഓഫീസിലെത്തിയത്. ഭാര്യയെ താന്‍ കൊലപ്പെടുത്തിയെന്നും ചാനലിലൂടെ ഇത് എല്ലാവരെയും അറിയിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. വിവരങ്ങള്‍ കേട്ടതോടെ ചാനലിലെ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ തൂത്തുക്കുടി പൊലീസിന് കൈമാറും.