ബെംഗളൂരു : ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ രൂപസാദൃശ്യമുള്ളയാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. മുനിസ്വാമി എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ ശില്‍പറാണി ഒളിവിലാണ്. കേരള പൊലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനായ സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യത്തെ ഓര്‍മിപ്പിക്കുന്നതാണ് ബെംഗളൂരുവിലെ കേസ്. ഇന്‍ഷുറന്‍സ് തുക തട്ടാന്‍, താനുമായി രൂപസാദൃശ്യമുള്ള ചാക്കോയെ ആണ് സുകുമാരക്കുറുപ്പ് കാറിനുള്ളില്‍ തീകൊളുത്തി കൊന്നത്.
2 കോടി രൂപ തട്ടിയെടുക്കാനാണു വ്യവസായിയായ മുനിസ്വാമിയും ഭാര്യ ശില്‍പ റാണിയും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. മുനിസ്വാമിയുടെ രൂപസാദൃശ്യമുള്ളയാളെ കൊലപ്പെടുത്തിയ ശേഷം ലോറിയിടിച്ചുള്ള അപകടമരണമാക്കി വരുത്തിതീര്‍ക്കാനാണ് ശ്രമിച്ചത്. മുനിസ്വാമിക്കു പുറമേ 5 പേരെ കൂടി ഹാസന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഹാസന്‍ അരസിക്കരെ ഗണ്ഡാസി ഗ്രാമത്തില്‍ ഓഗസ്റ്റ് 12നാണ് വ്യാജ അപകടമുണ്ടാക്കിയത്.