/kalakaumudi/media/media_files/2025/07/15/vipanchika-case-update-2025-07-15-10-07-48.jpg)
കൊല്ലം : കൊല്ലം സ്വദേശിയായ വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണത്തില്‍ ഷാര്‍ജയിലും പൊലീസില്‍ പരാതി നല്‍കാന്‍ കുടുംബം. കാനഡയിലുള്ള സഹോദരന്‍ ഉടന്‍ ഷാര്‍ജയില്‍ എത്തും. ഭര്‍ത്താവിനും വിട്ടുകാര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, കേരളത്തില്‍ വിപഞ്ചികയുടെ അമ്മയുടെ പരാതിയിലെടുത്ത കേസ് ശാസ്താംകോട്ട ഡിവൈഎസ്പിയാണ് അന്വേഷിക്കുക. കൊല്ലം റൂറല്‍ എസ് പി സാബു മാത്യു മേല്‍നോട്ടം വഹിക്കും. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നിതീഷാണ് ഒന്നാം പ്രതി.സഹോദരി രണ്ടാം പ്രതിയും ഭര്‍ത്താവിന്റെ അച്ഛന്‍ മൂന്നാം പ്രതിയുമാണ്.
വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ വിപഞ്ചിക നിതീഷില്‍ നിന്നും പീഡനം നേരിട്ടിരുന്നുവെന്നാണ് അമ്മ ഷൈലജയുടെ പരാതി. നിതീഷിന്റെ സഹോദരി നീതുവും, അച്ഛനും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അമ്മ പറയുന്നു. മകള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നതിന്റെ ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകളുമായാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കുടുംബം പരാതി നല്‍കിയത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും കുഞ്ഞിനെയും ഷാര്‍ജയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.