/kalakaumudi/media/media_files/2025/07/02/brahmanandagiri-2025-07-02-16-36-39.webp)
brahmanandagiri
തൃശ്ശൂര്‍: പോര്‍ക്കുളം സ്വദേശിയായ സന്ന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പരാതി. പോര്‍ക്കുളം വെസ്റ്റ് മങ്ങാട് കുറുമ്പൂര്‍ വീട്ടില്‍ ശ്രിബിന്‍ എന്ന ബ്രഹ്‌മാനന്ദഗിരി സ്വാമി(37)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നേപ്പാളില്‍ ആശ്രമജീവിതം നയിച്ചിരുന്ന സന്ന്യാസിയെ നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ശനിയാഴ്ച തെലങ്കാനയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍, നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ വ്യാഴാഴ്ച സന്ന്യാസി തന്റെ സുഹൃത്തായ കുന്നംകുളം സ്വദേശിയെ ഫോണില്‍ വിളിച്ചിരുന്നു. ട്രെയിനില്‍ ഒരുസംഘം തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും തനിക്ക് എന്തും സംഭവിക്കാമെന്നുമാണ് ബ്രഹ്‌മാനന്ദഗിരി സുഹൃത്തിനോട് പറഞ്ഞിരുന്നത്.
''മുന്‍പ് ഒരു പെണ്‍കുട്ടിയുടെ മരണം ഉണ്ടായിട്ടില്ലേ, അതുപോലെ ഒരു ഗ്യാങ് ആണിത്. അതുകൊണ്ട് എനിക്കുറപ്പാ, എനിക്ക് എന്തെങ്കിലും സംഭവിക്കും. ഭഗവാന്‍ മാത്രമേയുള്ളൂ രക്ഷിക്കാന്‍, വേറെ ആരുമില്ല'', ഇതായിരുന്നു ബ്രഹ്‌മാനന്ദഗിരി സുഹൃത്തിനോട് പറഞ്ഞത്.
ഇതിനുപിന്നാലെയാണ് തെലങ്കാനയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നവിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്‌കരിക്കുകയായിരുന്നു.
സന്ന്യാസി ട്രെയിനില്‍നിന്ന് വീണ് മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് തെലങ്കാനയില്‍നിന്ന് കിട്ടിയവിവരം. എന്നാല്‍, ദേഹത്ത് ഗുരുതരമായ പരിക്കുകളില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മാത്രമല്ല, വ്യാഴാഴ്ച കുന്നംകുളത്തെ സുഹൃത്തിനെ വിളിച്ച് സന്ന്യാസി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.