നാനോ എക്‌സല്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ അറസ്റ്റില്‍

പ്രശാന്ത് സുന്ദര്‍ രാജ്, രാധ സുന്ദര്‍ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതിയില്‍ ഹാജരാകാതെ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു

author-image
Biju
New Update
NANO

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാനോ എക്‌സല്‍ കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതികളെ തൃശൂര്‍ ക്രൈംബ്രാഞ്ച് പൊലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. 

പ്രശാന്ത് സുന്ദര്‍ രാജ്, രാധ സുന്ദര്‍ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതിയില്‍ ഹാജരാകാതെ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. 

പ്രതികള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വന്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം 300 കോടിയോളം രൂപ തട്ടിയെടുത്ത പ്രതികള്‍ മുങ്ങുകയായിരുന്നു.  

ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയിരുന്ന പ്രതികള്‍ വിചാരണ നടപടികളോട് സഹകരിക്കാതെ തമിഴ്നാട്ടിലേക്ക് മാറുകയും അതിസമ്പന്നര്‍ താമസിക്കുന്ന ഫ്‌ളാറ്റുകളില്‍ ഒളിവില്‍ താമസിക്കുകയുമായിരുന്നു. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയുടെ നിര്‍ദേശാനുസരണം തൃശൂര്‍ ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ടി.കെ.സുബ്രഹ്‌മണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ റിയാസ് രാജ, ഡിറ്റക്ടീവ് സബ് ഇന്‍സ്‌പെക്ടര്‍ തോംസണ്‍ ആന്ററണി, സബ് ഇന്‍സ്‌പെക്ടര്‍ ലിജോ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുബീര്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. 300 കോടിയോളം രൂപയാണ് ഇവര്‍ പലരില്‍ നിന്നായി തട്ടിച്ചത്. 600 ല്‍ അധികം തട്ടിപ്പ് കേസുകള്‍  ഇവര്‍ക്കെതിരെ സംസ്ഥാനത്തൊട്ടാകെ നിലവിലുണ്ട്. കൂടാതെ നിരവധി കേസുകളില്‍ വാറണ്ടും നിലവിലുണ്ട്.