ഡ്രോണ്‍ പറഞ്ഞുന്നതും പൊലീസും നാട്ടകാരും തിരയുന്നതും കണ്ടു

ഭാര്യ, മകള്‍, മരുമകന്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി മൊഴി നല്‍കി

author-image
Biju
New Update
hiudsu

Chenthamara

പാലക്കാട്: നാട്ടുകാരും പൊലീസും പല വട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. ഡ്രോണ്‍ പറഞ്ഞുന്നതും പൊലീസും നാട്ടകാരും തിരയുന്നതും കണ്ടു. ഇതെല്ലാം കണ്ട് കാട്ടിനുള്ളില്‍ പതുങ്ങി ഇരുന്നുവെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ഭാര്യ, മകള്‍, മരുമകന്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഭാവവ്യത്യാസമില്ലാതെയാണ് പ്രതി പൊലീസിനോട് കൊലപാതകങ്ങളെ കുറിച്ച് വിവരിച്ചത്. 

പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരന്റെ കൊലപ്പെടുത്താന്‍ കാരണം. തലേ ദിവസം സുധാകരനുമായി തര്‍ക്കമുണ്ടായി. എന്റെ ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരന്‍ പറഞ്ഞു. ഇതോടെയാണ് സുധാകരനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി.  കൊലയ്ക്ക് ശേഷം മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് ചെന്താമര പൊലീസിന്റെ വലയിലാകുന്നത്. തെരച്ചില്‍ അവസാനിപ്പിച്ചെന്ന് വരുത്തിതീര്‍ത്ത പൊലീസ് ബുദ്ധിയും പ്രതിയെ പിടിക്കാന്‍ വഴിയൊരുക്കി. 

രാത്രി എട്ടുമണിയോടെ പോത്തുണ്ടിയില്‍ ചെന്താമരയെ കണ്ടെന്ന വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിക്കുന്നു. ഓടിമറഞ്ഞത് ചെന്താമരയാണെന്ന് ഒരു പൊലീസുകാരും ഉറപ്പിച്ച് പറഞ്ഞതോടെ നാടിളക്കി തെരച്ചില്‍ തുടങ്ങി. കുറുവടികളുമായി നാട്ടുകാരും തെരച്ചിലിന്റെ ഭാഗമായി. ഒന്നരമണിക്കൂറിലേറെ തെരച്ചില്‍ നീണ്ടിട്ടും ചെന്താമരയെ കണ്ടെത്താനായില്ല. ഇതോടെ ഇന്നത്തെ തെരച്ചില്‍ നിര്‍ത്തുന്നുവെന്ന് പൊലീസിന്റെ അറിയിപ്പ് വന്നു. 

രാത്രി 9.45 ഓടെ പൊലീസ് തെരച്ചില്‍ അവസാനിപ്പിച്ചെന്ന് കരുതി ഭക്ഷണം തേടി ചെന്താമര പോത്തുണ്ടി മലയിറങ്ങി. കുടുംബവീട്ടിലെത്തി ഭക്ഷണവും കുറച്ച് ദിവസത്തേക്ക് ഭക്ഷണമുണ്ടാക്കി ഒളിവില്‍ കഴിയാനുള്ള സാധനങ്ങളുമായി തിരികെ കാട് കയറാനായിരുന്നു ചെന്താമരയുടെ ലക്ഷ്യം.2019ല്‍ കൊലപാതകം നടത്തിയ ശേഷവും ഒളിവില്‍ പോയ ചെന്താമര വിശന്ന് വലഞ്ഞ് കുടുംബ വീട്ടിലെത്തിയപ്പോഴാണ് അന്നും പൊലീസ് പിടികൂടിയത്. ഇക്കാര്യം അറിയാവുന്ന പൊലീസ്, പോത്തുണ്ടി മലയില്‍ നിന്നുള്ള വഴികളില്‍ കാത്തുനിന്നത് ചെന്താമര അറിഞ്ഞില്ല.വീടിന് സമീപത്തെ വയലിലൂടെ നടന്നുവരുമ്പോള്‍ പ്രതിയെ പൊലീസ് പിടികൂടി. ഓടാനോ ഒളിക്കാനോയുള്ള പ്രതിരോധിക്കാനോയുള്ള ശേഷി വിശപ്പിന്റെ കാഠിന്യത്തില്‍ ചെന്താമരയ്ക്ക് ഇല്ലായിരുന്നു.

പത്തരയോടെ പ്രതി പിടിയിലായ വിവരം പൊലീസ് സ്ഥിരീകരിക്കുന്നു. ഇതോടെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തി. പ്രതിയെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നും ഞങ്ങള്‍ കൈകാര്യം ചെയ്യാമെന്നും ജനക്കൂട്ടം ആക്രോശിച്ചു.

രോഷാകുലരായ നാട്ടുകാരെ പിരിച്ചുവിടാന്‍ പൊലീസ് പണിപ്പെട്ടു. ജനക്കൂട്ടത്തെ നിയന്ത്രിച്ച ശേഷം പ്രതിയെ നെന്‍മാറ സ്റ്റേഷനിലെത്തിച്ചു. അപ്പോഴും ഒട്ടും കുറ്റബോധമില്ലാതെ ഭാവത്തില്‍ തല ഉയര്‍ത്തി ചെന്താമര മാധ്യമങ്ങള്‍ക്ക് മുന്നില്‍. സ്റ്റേഷനിലെത്തിയ പ്രതി ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണം വേണമെന്നാണ്. നാല് ഇഡ്ഡിലയും ഓംബ്ലേറ്റും പൊലീസ് വാങ്ങി നല്‍കി. 

തന്റെ ഭാര്യ അടക്കം അഞ്ചുപേരെ കൊല്ലാനായിരുന്നു പദ്ധതിയെന്നും ഇനിയും മൂന്ന് പേര്‍ ബാക്കിയുണ്ടെന്നും കൂസലില്ലാതെ പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ചെന്താമരയെ തൂക്കിക്കൊല്ലാതെ ഞങ്ങള്‍ക്ക് മനസമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ലെന്ന് അറസ്റ്റിന് ശേഷം കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ പ്രതികരിച്ചു. ഇരട്ടക്കൊലയ്ക്കു ശേഷം 36 മണിക്കൂര്‍ ഒളിവില്‍ കഴിഞ്ഞ ചെന്താമര ഒടുവില്‍ വിശപ്പിന് മുന്നില്‍ വീണുപോയെന്ന് പറയാം. 

വിശന്ന് വലഞ്ഞ് ഒളിത്താവളം വിടും വരെ പൊലീസിനും പ്രതിയെ പിടികൂടാനായില്ല എന്നത് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും. പൊലീസിന് ഏറെ നാണക്കേടുണ്ടാക്കിയ കേസില്‍ പ്രതിയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെടും.

nenmara