നെന്മാറ സജിത കൊലക്കേസ്: ചെന്താമര കുറ്റക്കാരനെന്ന് കോടതി

വൈരാഗ്യത്തെത്തുടര്‍ന്നാണു കൊലപാതകമെന്നാണു കണ്ടെത്തല്‍. കേസില്‍ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരന്‍, കൊല്ലപ്പെട്ട സജിതയുടെ മകള്‍ ഉള്‍പ്പെടെ 44 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു

author-image
Biju
New Update
chenthamara

പാലക്കാട്: നെന്മാറ തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബോയന്‍ കോളനി സ്വദേശിയും അയല്‍വാസിയുമായ ചെന്താമര കുറ്റക്കാരനെന്ന് കോടതി. 2019 ഓഗസ്റ്റ് 31ന് ആയിരുന്നു കൊലപാതകം. അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്.

വൈരാഗ്യത്തെത്തുടര്‍ന്നാണു കൊലപാതകമെന്നാണു കണ്ടെത്തല്‍. കേസില്‍ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരന്‍, കൊല്ലപ്പെട്ട സജിതയുടെ മകള്‍ ഉള്‍പ്പെടെ 44 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. കേസില്‍ 2020ല്‍ ആണ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. ലാബ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതോടെ 2025 ഓഗസ്റ്റ് 4നു സാക്ഷിവിസ്താരം ആരംഭിച്ചു.

കേസിന്റെ വിചാരണ സമയത്തും പ്രതി കോടതി വളപ്പില്‍ ഭീഷണി മുഴക്കിയിരുന്നു. സജിത വധക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27നു സജിതയുടെ ഭര്‍ത്താവ് സുധാകരന്‍ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ചെന്താമര റിമാന്‍ഡിലാണ്. സജിത വധക്കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ.വിജയകുമാറാണ് ഹാജരായത്.

nenmara