അമ്മയുടെ വാരിയെല്ല് ഒടിച്ച നിവ്യ സ്ഥിരം കുറ്റവാളി; റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും

2020ല്‍ നെട്ടൂരില്‍ ഫഹദ് ഹുസൈന്‍ എന്ന യുവാവ് കുത്തേറ്റു ചോരവാര്‍ന്നു മരിച്ച സംഭവം, മൂന്നര കിലോ കഞ്ചാവ് പിടിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കേസുകളിലെ പ്രതിയായ നവ്യയെ സ്ഥിരം കുറ്റവാളിയായാണു പൊലീസ് കണക്കാക്കുന്നത്.

author-image
Biju
New Update
nivya

കൊച്ചി: കൊലപാതക, കഞ്ചാവ് കേസുകളില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് കുമ്പളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍ നിവ്യ എന്ന ശ്രുതി (30), ഫെയ്‌സ്‌ക്രീം മാറ്റിവച്ചതിന് സ്വന്തം അമ്മയുടെ വാരിയെല്ല് കമ്പിപ്പാര കൊണ്ട് അടിച്ചൊടിച്ചത്. റിമാന്‍ഡിലുള്ള നിവ്യയെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കാപ്പ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. 

പരുക്കേറ്റ എഴുപതുകാരിയായ സരസുവിന് ആറുമാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. നിവ്യയുടെ അഞ്ചു വയസ്സുള്ള മകനെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കി. അതിനിടെ, ഫെയ്‌സ്‌ക്രീം മാറ്റിവച്ചതു മാത്രമല്ല, പണത്തിന്റെ പേരിലുള്ള തര്‍ക്കമാണ് അമ്മയെ മര്‍ദിക്കാനുള്ള കാരണമെന്നും വിവരമുണ്ട്. 2020ല്‍ നെട്ടൂരില്‍ ഫഹദ് ഹുസൈന്‍ എന്ന യുവാവ് കുത്തേറ്റു ചോരവാര്‍ന്നു മരിച്ച സംഭവം, മൂന്നര കിലോ കഞ്ചാവ് പിടിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കേസുകളിലെ പ്രതിയായ നവ്യയെ സ്ഥിരം കുറ്റവാളിയായാണു പൊലീസ് കണക്കാക്കുന്നത്.

പത്തു വര്‍ഷത്തോളമായി പനങ്ങാട്ടു താമസിക്കുകയാണ് സരസുവും കുടുംബവും. വീടുകളില്‍ ജോലിക്കു പോയാണ് സരസു കഴിയുന്നത്. രണ്ടു പെണ്‍മക്കളില്‍ മൂത്തയാള്‍ വിവാഹം കഴിച്ച് ഭര്‍ത്താവിന്റെ വീട്ടിലാണ്. എന്നാല്‍ നിവ്യ ഇരുപതു വയസ്സിനു ശേഷം കഞ്ചാവ്, അക്രമി സംഘങ്ങളുെട കൂട്ടുകെട്ടില്‍ പെടുകയായിരുന്നെന്നു പൊലീസ് പറയുന്നു. ക്രമേണ പനങ്ങാടും നെട്ടൂരും കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പനയുടെ പ്രധാനികളിലൊരാളായി നിവ്യ. 

ഇതിനിടെ, നിവ്യയുടെ വിവാഹം കഴിഞ്ഞതായും വൈകാതെ വേര്‍പിരിഞ്ഞതായും വിവരമുണ്ട്. ഒരു തട്ടിക്കൊണ്ടു പോകല്‍ കേസിലും ഉള്‍പ്പെട്ടു. ഇതിനു ശേഷമായിരുന്നു കൊലപാതകം, കഞ്ചാവ് കടത്തല്‍ കേസുകളില്‍ പ്രതിയായതും ജാമ്യം ലഭിച്ചതും. ഫെയ്‌സ് ക്രീം കാണാതായതാണ് അമ്മയെ മര്‍ദിച്ചതിന്റെ കാരണമെന്നു പറയുന്നുണ്ടെങ്കിലും പണത്തിന്റെ പേരിലുള്ള തര്‍ക്കവും സ്വന്തം കാര്യത്തില്‍ അമ്മ ഇടപെടുന്നത് ഇഷ്ടപ്പെടാതിരുന്നതുമാണ് മര്‍ദനത്തിന്റെ യഥാര്‍ഥ കാരണമെന്നു കരുതുന്നു.

ഈ മാസം 19 നായിരുന്നു സംഭവം. വൈകിട്ട് ആറു മണിയോടെ നിവ്യ സരസുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച്  കരണത്തടിക്കുകയും ചവിട്ടുകയും കമ്പിപ്പാര കൊണ്ട് വലതുകൈയില്‍ അടിക്കുകയും അടി കൊണ്ടു വീണപ്പോള്‍ 'നിന്നെ കൊല്ലുമെടീ' എന്നു പറഞ്ഞ് അസഭ്യം വിളിച്ച് കമ്പിപ്പാര കൊണ്ട് നെഞ്ചില്‍ അടിക്കുകയും ചെയ്‌തെന്ന് എഫ്‌ഐആറില്‍ പറയുന്നു. അടികൊണ്ട് സരസുവിന്റെ വാരിയെല്ലു പൊട്ടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയില്‍ എത്തിച്ചത്. അമ്മ പരാതി നല്‍കിയെന്നു മനസ്സിലായതോടെ നിവ്യ വയനാട്ടില്‍ ഒരു സുഹൃത്തിന്റെ വീട്ടിലേക്കു പോയി. അവിടെ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച പനങ്ങാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പൊലീസിനോടു തട്ടിക്കയറുന്ന നിവ്യയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. റിമാന്‍ഡിലായ നിവ്യയെ റൗഡി ഹിസ്റ്ററി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കാപ്പ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.   

കോവിഡ് ലോക്ഡൗണിനു ശേഷം കഞ്ചാവു വില്‍പന ശക്തമായപ്പോഴാണ് നിവ്യയുടെ ജീവിതവും വഴിമാറിയത്. കഞ്ചാവു കടത്തിന് അറസ്റ്റും പിന്നീട് ഇതിന്റെ പേരിലുണ്ടായ തര്‍ക്കതിനു പിന്നാലെ രണ്ടോ മൂന്നോ സംഘങ്ങള്‍ ഉള്‍പ്പെട്ട െകാലപാതക കേസും. 2020 ജൂലൈ 24നാണ് മൂന്നരക്കിലോ കഞ്ചാവുമായി നിവ്യയെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിവ്യയുടെ സുഹൃത്തും ഇടുക്കി അടിമാലി ആനച്ചാല്‍ സ്വദേശിയുമായ ജാന്‍സണ്‍ ജോസ്, അടിമാലി സ്വദേശി വിഷ്ണു സുരേന്ദ്രന്‍ എന്നിവരും ഒപ്പം അറസ്റ്റിലായിരുന്നു. 

നിവ്യക്ക് സെപ്റ്റംബര്‍ ഒമ്പതിനാണ് ജാമ്യം ലഭിക്കുന്നത്. ഇവര്‍ക്കു കഞ്ചാവ് വിതരണം ചെയ്തിരുന്ന ഇടുക്കി സ്വദേശിയായ സുഹൃത്തും സംഘവും ജാമ്യത്തിലിറങ്ങിയ നിവ്യയെ കൂട്ടിക്കൊണ്ടുപോകാന്‍ തൃശൂര്‍ വിയ്യൂരിലെ ജയിലില്‍ എത്തി. ഈ സമയത്ത് ആലപ്പുഴക്കാരനായ മറ്റൊരു കഞ്ചാവ് വിതരണക്കാരനും സംഘവും നിവ്യയെ കൂട്ടിക്കൊണ്ടു പോകാനെത്തിയിരുന്നു. എന്നാല്‍ നിവ്യ ഇടുക്കി സംഘത്തിനൊപ്പം പോയി. ഇക്കാര്യം ആലപ്പുഴ സംഘം ജാന്‍സനേയും കൂട്ടരേയും അറിയിച്ചു. തുടര്‍ന്ന് ജാന്‍സനും കൂട്ടരും നിവ്യയും സംഘവും കഴിഞ്ഞിരുന്ന വീട്ടിലെത്തിയെങ്കിലും അവര്‍ അവിടെനിന്നു കടന്നിരുന്നു. തുടര്‍ന്ന് ജാന്‍സനും സംഘവും വീടിനു മുന്നിലുണ്ടായിരുന്ന കാറും മറ്റും തകര്‍ക്കുകയും ഇടുക്കി സംഘത്തിന്റെ മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തുകയും ചെയ്തു.

മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ ഇടുക്കി സംഘം കൊച്ചിയിലുള്ള കഞ്ചാവു ചില്ലറവില്‍പനക്കാരുടെ സഹായം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംഘത്തിലുണ്ടായിരുന്ന ആളായിരുന്നു ഫഹദ് ഹുസൈന്‍ എന്ന 19 കാരന്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊബൈല്‍ ഫോണിന്റെ പേരിലുള്ള തര്‍ക്കം സംസാരിച്ചു പരിഹരിക്കാം എന്നു പറഞ്ഞ് സംഘങ്ങളെല്ലാം നെട്ടൂര്‍ ഐഎന്‍ടിയുസി ജംക്ഷനു സമീപം ഒത്തുചേര്‍ന്നു. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, ആലപ്പുഴ സംഘത്തിലെ നിധിന്‍ എസ്.നായര്‍ ഫഹദിനെ കുത്തി. കുത്ത് തടഞ്ഞെങ്കിലും കൈക്ക് ആഴത്തില്‍ മുറിവേറ്റ ഫഹദ് അവിടെനിന്ന് ഓടി റോഡില്‍ കുഴഞ്ഞു വീഴുകയും വൈകാതെ മരിക്കുകയുമായിരുന്നു.

കണ്ടനാട് കാട്ടിലും കളമശേരി എച്ച്എംടി കോളനിയിലും ഒളിവില്‍ കഴിഞ്ഞിരുന്ന അക്രമികളില്‍ മിക്കവരെയും പൊലീസ് വൈകാതെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയ വടകര സ്വദേശി അനില മാത്യു എന്ന യുവതിയും അറസ്റ്റിലായി. കുത്താന്‍ ഉപയോഗിച്ച കത്തിക്കു പുറമേ അനിലയുടെ സ്‌കൂട്ടറില്‍നിന്ന് വില്‍പനയ്ക്കുള്ള കഞ്ചാവും പിടികൂടിയിരുന്നു. വൈകാതെ നിവ്യ അടക്കമുള്ളവരും അറസ്റ്റിലായി. 25 ഓളം പ്രതികളുള്ള കേസില്‍ 2020 ഡിസംബറില്‍ത്തന്നെ പനങ്ങാട് പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.