വീണ്ടും ആൾക്കൂട്ട കൊലപാതകം; നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ച  അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കേസിൽ വാളകത്തെ പ്രദേശവാസികളായ പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ആദ്യം ആറുപേരെയും  പിന്നീട് മരണം സ്ഥിരീകരിച്ചതോടെ ബാക്കി നാല് പേരെയും പോലീസ് പിടികൂടുകയായിരുന്നു

author-image
Rajesh T L
New Update
ashok

മരിച്ച അശോക് ദാസ്

Listen to this article
0.75x 1x 1.5x
00:00 / 00:00

 മൂവാറ്റുപുഴ: വാളകത്ത് ആൾക്കൂട്ട ആക്രമണത്തെ തുടർന്ന്  യുവാവ് കൊല്ലപ്പെട്ടു . അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് (24)  ആണ് കൊല്ലപ്പെട്ടത്.  തലയ്ക്കും നെഞ്ചിനും ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

കേസിൽ വാളകത്തെ പ്രദേശവാസികളായ പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ആദ്യം ആറുപേരെയും  പിന്നീട് മരണം സ്ഥിരീകരിച്ചതോടെ ബാക്കി നാല് പേരെയും പോലീസ് പിടികൂടുകയായിരുന്നു. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. 

അശോകിനൊപ്പം ജോലി ചെയ്തിരുന്ന പെൺസുഹൃത്തിനെ കാണാനായി യുവതി താമസിച്ചിരുന്ന വാടകവീട്ടിൽ എത്തിയപ്പോഴാണ് അശോകിന് നേരെ ആക്രമണം നടന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വാളകത്ത് വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകൾ വാടക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികിൽ കെട്ടിയിട്ടു. അശോക് ദാസിനെ പിടികൂടുമ്പോൾ അശോകിന്റെ കൈകളിൽ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു. ഈ മുറുവുകൾ എങ്ങനെ ഉണ്ടായി എന്നതടക്കം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് അശോകിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു മരണം. വാടകക്ക് താമസിക്കുന്ന സ്ത്രീകളിലൊരാളും കൊല്ലപ്പെട്ട അശോക് ദാസും സുഹൃത്തുക്കളാണ്. വാടക വീട്ടിലെത്തിയ ഇയാൾ മദ്യപിച്ചതായും കൈകളിൽ ചോരയുമായി റോഡിലെത്തിയപ്പോഴാണ് ചോദ്യം ചെയ്തതെന്നും പറയുന്നു. 

രാമമംഗലം സ്വദേശിനികളാണ് വീട് വാടകക്കെടുത്തിരിക്കുന്നതെന്നും കൊല്ലപ്പെട്ട അശോക്ദാസിനെതിരെ ഇവർ പരാതിയൊന്നും നല്കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

murder valakam arnachal pradesh mob questioning