/kalakaumudi/media/media_files/2025/12/24/parathi-2025-12-24-08-13-55.jpg)
ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് പരാതിക്കുട്ടപ്പന്‍ വീണ്ടും പിടിയില്‍. ജയിലില്‍ നിന്നു ഇറങ്ങി മോഷണത്തില്‍ സജീവമാകുന്നതിനിടയിലാണ് കുട്ടപ്പനെ ആലപ്പുഴ കുറത്തികാട് പൊലീസ് അതി സാഹസികമായി പിടികൂടിയത്. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിയാണ് 57കാരനായ മധു. പരാതികുട്ടപ്പനെന്നാണ് ഈ കുപ്രസിദ്ധ മോഷ്ടാവ് അറിയപ്പെടുന്നത്.
മോഷണക്കേസില്‍ അറസ്റ്റിലായി കോടതിയില്‍ ഹാജരാക്കുമ്പോഴെല്ലാം മധു ജയിലിലെ സൗകര്യങ്ങളെക്കുറിച്ച് പരാതി പറയും. ആഹാരം കൊള്ളില്ല, കൊതുക് ശല്യം കൂടുതലാണ്, ആവശ്യത്തിന് സൗകര്യങ്ങളില്ല അങ്ങനെ നീളും പരാതികള്‍. കോടതിയില്‍ സ്ഥിരം പരാതിക്കാരനായതോടെയാണ് മധുവിന് പരാതി കുട്ടപ്പനെന്ന പേര് വീണത്. തെക്കന്‍ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മുപ്പതിലധികം കേസുകളുണ്ട്. പലതവണ ജയിലില്‍ കിടന്നിട്ടുണ്ട്. മോഷണക്കേസില്‍ കഴിഞ്ഞ മാസം ആലപ്പുഴ നൂറനാട് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും മോഷണം സജീവമാക്കി.
കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി കുറത്തികാട്, കായംകുളം, വള്ളികുന്നം പൊലീസ് സ്റ്റേഷന്‍ പരിധികളിലെ നിരവധി കടകളില്‍ വ്യാപകമായി മോഷണം നടന്നു. മുന്‍വാതില്‍ കുത്തിതുറന്ന് പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു. സിസിടിവി ക്യാമറയുടെ ഹാര്‍ഡിസ്‌ക് വരെ മോഷണം പോയി. മോഷണ രീതി മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പകല്‍ സമയങ്ങളില്‍ നീണ്ടകര ഹാര്‍ബറില്‍ തങ്ങി രാത്രി കാലങ്ങളില്‍ ബസ്സില്‍ മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തി സൈക്കിളില്‍ കറങ്ങി നടന്നാണ് ഇയാള്‍ മോഷണം നടത്തിയത്. നീണ്ടകര ഹാര്‍ബര്‍ പരിസരത്ത് വച്ച് പൊലീസിനെ കണ്ട് കടലില്‍ ചാടിയ പ്രതിയെ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് അതി സാഹസികമായാണ് കീഴടക്കിയത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
