കരമനയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് പൊളിച്ച് 72കാരി

സിബിഐ ഉദ്യോഗസ്ഥരെന്ന് വിളിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചത്

author-image
Biju
New Update
jfdk

Vasanthakumari

തിരുവനന്തപുരം:  ഡിജിറ്റല്‍ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങള്‍ തട്ടാനുള്ള ഉത്തരേന്ത്യന്‍ സംഘത്തിന്റെ നീക്കം പൊളിച്ച് വൃദ്ധയായ വീട്ടമ്മ. കരമന സ്വദേശിനിയും 72 കാരിയായ ജെ വസന്തകുമാരിയാണ് തട്ടിപ്പില്‍ നിന്ന് തന്ത്രപരമായ രക്ഷപ്പെട്ടത്. 

സിബിഐ ഉദ്യോഗസ്ഥരെന്ന് വിളിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചത്. വസന്തകുമാരിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ ഉണ്ടെന്ന് അറിയിച്ചാണ് സംഘം വസന്തകുമാരിയെ ഭീഷണിപ്പെടുത്തിയത്.

വസന്തകുമാരിയുടെ പേരില്‍ കേസുണ്ടെന്നതിന് തെളിവിനായി വസന്തകുമാരിയുടെ ആധാര്‍ നമ്പര്‍ സംഘം നല്‍കി. ആദ്യഘട്ടത്തില്‍ തട്ടിപ്പുകാരുടെ വാക്കു വിശ്വസിച്ച വസന്തകുമാരി പണം അയക്കാന്‍ ബാങ്കിലെത്തി. എന്നാല്‍  പിന്നീട് ഇവരുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയങ്ങള്‍ തോന്നിയ വസന്തകുമാരി തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച്  തിരികെ ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് സംഘം പിന്‍വാങ്ങിയത്. സംഭവത്തില്‍ വയോധിക പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം   ഇടപ്പഴഞ്ഞി സ്വദേശിയായ അധ്യാപകനില്‍ നിന്നും വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടിയെടുക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ തട്ടിപ്പുകാരുടെ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന വെര്‍ച്വല്‍ അറസ്റ്റ്, വിവരമറിഞ്ഞെത്തിയ കേരള പൊലീസ് പത്തു മിനിറ്റുകൊണ്ട് പൊളിച്ചു. അധ്യാപകന് എസ്.ബി.ഐ.യില്‍ അക്കൗണ്ട് ഉണ്ടെന്നു മനസ്സിലാക്കിയ തട്ടിപ്പുകാര്‍ മുംബൈയിലെ കസ്റ്റമര്‍ കെയറില്‍നിന്നു വിളിക്കുന്നതായാണ് പറഞ്ഞത്. 

സംഭാഷണം എല്ലാം മലയാളത്തിലായിരുന്നു. കള്ളപ്പണം വെളുപ്പിക്കലിന് പിടിയിലായ പ്രതിയില്‍ നിന്ന് അധ്യാപകന്റെ പേരിലുള്ള ക്രഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്ന് പറഞ്ഞാണ് സംഘം പണം തട്ടാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞ് അധ്യാപകന്റെ മകന്‍ സൈബര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതോടെ പൊലീസ് സംഘമെത്തി തട്ടിപ്പുകാരോട് സംസാരിച്ചു. ഒടുവില്‍ ഫോണ്‍കോള്‍ കട്ട് ചെയ്ത് സംഘം പിന്മാറുകയായിരുന്നു.