ഓപ്പറേഷൻ ക്ലീൻ: കൊച്ചിയിൽ കഞ്ചാവുമായി രണ്ട് പേ‍‍ർ പിടിയിൽ

ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 

author-image
Vishnupriya
New Update
ope
Listen to this article
0.75x1x1.5x
00:00/ 00:00

എറണാകുളം: പള്ളിക്കര മനക്കകടവില്‍ 18.5 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കരുമാത്ര സ്വദേശി ഫാദില്‍ (23) പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര സ്വദേശി രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 

മനക്കക്കടവ് പാലത്തിന് സമീപം കഞ്ചാവ് വില്പനയ്ക്ക് എത്തിയപ്പോഴാണ് ഫാദിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈവശം രണ്ട് ബാഗുകളാണ് ഉണ്ടായിരുന്നത്. ഒരു ബാഗില്‍ അഞ്ച് പായ്ക്കറ്റിലും മറ്റൊന്നിൽ ബാഗില്‍ നാല് പായ്ക്കറ്റിലും കഞ്ചാവ് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. രതീഷിന് കഞ്ചാവ് കൈമാറുന്നതിനാണ് ഫാദില്‍ എത്തിയത്. ഫാദിലിനെ പിടികൂടിയതറിഞ്ഞ് രതീഷ് ഒളിവില്‍ ആയിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം പാലക്കാട്ടേക്ക് തിരിച്ചു. ശ്രീകൃഷ്ണപുരത്തു നടന്ന പരിശോധനയില്‍ രതീഷിനെ സാഹസികമായി പിടികൂടുകയായിരുന്നു. 

കളമശ്ശേരിയിലുള്ള ഒരു ലോഡ്ജിലാണ് പ്രതികള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇത് മനക്കക്കടവ് ഭാഗത്ത് എത്തിക്കാനായിരുന്നു ഫാദിലിന് കിട്ടിയ നിര്‍ദേശം. കഴിഞ്ഞദിവസം ബിനാനിപുരത്ത് അറസ്റ്റിലായ യുവതി ഉള്‍പ്പെടെയുള്ള ആറുപേര്‍ രതീഷിന്റെ സുഹൃത്തുക്കളാണെന്നും ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ മറവില്‍ കഞ്ചാവ് വില്‍ക്കുന്ന ഇവരില്‍നിന്ന് ആറര കിലോ കഞ്ചാവാണ് അന്ന് കണ്ടെടുത്തതെന്നും പോലീസ് പറഞ്ഞു.

പെരുമ്പാവൂര്‍ എ.എസ്.പി മോഹിത് റാവത്ത്, തടിയിട്ടപറമ്പ് എസ്.എച്ച്.ഒ. എ.എല്‍.അഭിലാഷ്, എ.എസ്.ഐ മാരായ കെ.എ.നൗഷാദ്, പി.എ.അബ്ദുല്‍ മനാഫ്, കെ.ബി.ഷമീര്‍, സീനിയര്‍ സി.പി.ഒ മാരായ ടി.എന്‍.മനോജ് കുമാര്‍, ടി.എന്‍.അഫ്‌സല്‍, സി.പി.ഒ മാരായ അരുണ്‍.കെ.കരുണ്‍ റോബിന്‍ ജോയ്, മുഹമ്മദ് നൗഫല്‍ കെ.എസ്.അനൂപ് തുടങ്ങിയവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്

gancha operation clean