/kalakaumudi/media/media_files/2025/01/28/RnJtFudP92h0Je1OpAVq.jpg)
Chenthamara
പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരയെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഇന്ന് രാവിലെ മുതല്‍ പരിശോധന തുടരും. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുക. കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചില്‍ വ്യാപിപ്പിക്കും.
ഒപ്പം തെരച്ചിലിന് മുങ്ങല്‍ വിദഗ്ധരുടേയും സഹായം പൊലീസ് തേടി. ജലാശയങ്ങളില്‍ പരിശോധന നടത്തും. പ്രതി വിഷം കഴിച്ച് വെള്ളത്തില്‍ ചാടിയെന്ന സംശയത്തിലാണ് മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടിയത്.
2019 ലെ കൊലപാതകത്തിന് സമാനമായ രീതിയില്‍ വിശന്നാല്‍ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പൊലിസ് കരുതുന്നത്. പ്രതിയുടെ വീട്ടില്‍ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ചെന്താമരയുടെ സഹോദരനുമായി ആലത്തൂര്‍ പൊലീസ് തിരുപ്പൂരിലും പരിശോധന നടത്തുന്നുണ്ട്. സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവര്‍മണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകള്‍ക്ക് ശേഷം വക്കാവ് ശ്മശാനത്തില്‍ സംസ്‌കരിക്കും.
5 വര്‍ഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ല്‍ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭര്‍ത്താവ് സുധാകരനെയും ഭര്‍ത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തി.
ആദ്യകൊലപാതകം നടക്കുന്നതിനും ആറുമാസം മുമ്പാണ് പ്രതി ചെന്താമരാക്ഷന്റെ ഭാര്യയും മകളും പിരിഞ്ഞ് കഴിയാന്‍ തുടങ്ങിയത്. എന്നും വഴക്കു മാത്രമുള്ള കുടുംബ പശ്ചാത്തലമായിരുന്നു ഇവരുടേത്. കുടുംബ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം അയല്‍ക്കാരാണെന്നായിരുന്നു പ്രതിയുടെ സംശയം. കുടുംബം പിരിഞ്ഞുപോകാന്‍ കാരണവും ഇവര്‍ തന്നെയാണെന്നായിരുന്നു പ്രതി വിശ്വസിച്ചിരുന്നത്.
ആ പക മനസില്‍ വെച്ച് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മൂര്‍ച്ചയുള്ള കത്തിയുമായെത്തിയാണ് 2019 ല്‍ സജിതയെ തലങ്ങും വിലങ്ങും പ്രതിവെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷവും അതേ പക മനസില്‍ കൊണ്ടു നടന്ന പ്രതി, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് രണ്ട് കൊലപാതകം കൂടി നടത്തിയത്.