കൊച്ചി: പള്ളുരുത്തിയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പെണ്‍സുഹൃത്തിനും കൃത്യത്തില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്.
തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാലിന് പരിക്കേറ്റ നിലയില്‍ പെണ്‍സുഹൃത്താണ് ആഷിഖ് എന്ന യുവാവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് ബോധ്യമായത്.
യുവാവിന് പരിക്കേറ്റ സ്ഥലത്ത് പോലീസെത്തി തെളിവുകള്‍ ശേഖരിച്ചു. ചോരക്കറ പറ്റിയ ഷൂസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുമായുള്ള യുവാവിന്റെ ബന്ധത്തിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിനും വിശദമായ അന്വേഷണത്തിനും ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ. യുവാവിന്റെ പെണ്‍സുഹൃത്തും ഭര്‍ത്താവും പോലീസ് കസ്റ്റഡിയിലാണ്. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം പുരോ?ഗമിക്കുകയാണ്.