ആഷിഖും ഷഹാനയും തമ്മില്‍ അടുപ്പം; നഗ്‌നചിത്രം പരസ്യമാക്കുമെന്ന് ഭീഷണിയും.

തിങ്കളാഴ്ച രാത്രിയാണ് ആഷിഖിനെ ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ ഇന്‍സുലേറ്റഡ് വാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോരയൊലിച്ച നിലയിലാണ് ഇയാളെ കണ്ടത്.

author-image
Jayakrishnan R
New Update
MURDER INDORE

 

 

പള്ളുരുത്തി(എറണാകുളം): ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ വാനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തിന്റെ ചുരുളഴിച്ച് പോലീസ്. യുവാവിനെ കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വഴിയകത്ത് വീട്ടില്‍ ആഷിഖി (30) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാനയെ (32) യും അവരുടെ ഭര്‍ത്താവ് ഷിഹാബി (39) നെയും പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് ആഷിഖിനെ ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ ഇന്‍സുലേറ്റഡ് വാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോരയൊലിച്ച നിലയിലാണ് ഇയാളെ കണ്ടത്. വാനിനു സമീപത്തുണ്ടായിരുന്ന സുഹൃത്ത് ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അപകടത്തില്‍പ്പെട്ടതാണെന്ന് ഷഹാന പറഞ്ഞതോടെ, നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ എത്തുമ്പോള്‍ മരിച്ച നിലയിലായിരുന്നു.

സംഭവം ആത്മഹത്യയാണെന്നാണ് ആദ്യം പോലീസും കരുതിയത്. പിന്നീട്, ആഷിഖിനെ കൊന്നതാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ, ഷഹാനയെയും ഭര്‍ത്താവ് ഷിഹാബിനെയും പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഷഹാനയും ഷിഹാബും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആഷിഖിന്റെ രണ്ട് തുടകളിലും കാല്‍പാദത്തിലും ആഴത്തില്‍ മുറിവേറ്റിരുന്നു. കഴുത്തിലും പരിക്കേറ്റിരുന്നു. രക്തം വാര്‍ന്നൊഴുകിയാണ് ആഷിഖ് മരിച്ചത്. മാര്‍ക്കറ്റുകളില്‍ മീന്‍ വിതരണം ചെയ്തിരുന്ന ആഷിഖും ഷഹാനയുമായുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഇതറിഞ്ഞ ഷിഹാബ് ഷഹാനയെക്കൊണ്ട് ആഷിഖിനെതിരേ പോലീസില്‍ പരാതി കൊടുപ്പിച്ചു. പോലീസ് ആഷിഖിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ 24 ദിവസം ജയിലില്‍ കിടന്നു.

ജയിലില്‍നിന്ന് ഇറങ്ങിയ ശേഷം ഷഹാനയുടെ നഗ്നചിത്രം തന്റെ കൈയിലുണ്ടെന്നും അത് പരസ്യപ്പെടുത്തുമെന്നും ആഷിഖ് ഷഹാനയെയും ഷിഹാബിനെയും ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ഇയാളെ കൊലപ്പെടുത്താന്‍ കാരണമായതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഓണ്‍ലൈനായി വാങ്ങിയ ചെറിയ ബ്ലേഡ് കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണര്‍ ഉമേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

 

Crime murder