പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം; അഞ്ചുപേര്‍ പിടിയില്‍.

കൊല്ലങ്കോട് കല്ലുവെട്ടാന്‍കുഴി താഴെവിള വീട്ടില്‍ ബര്‍ഷിന്‍ (24), പതിനെട്ടുവയസ്സിനു താഴെയുള്ള മൂന്ന് കുട്ടികള്‍, ആക്രിക്കട ഉടമ കാരക്കോണം നെല്ലിക്കാല അശ്വതിഭവനില്‍ അരുണ്‍ (39) എന്നിവരെയാണ് പൊഴിയൂര്‍ പോലീസ് പിടികൂടിയത്.

author-image
Jayakrishnan R
New Update
theif

theif

 

പാറശ്ശാല: വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന പവര്‍ലൂമില്‍നിന്നു പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് യുവാവ് മോഷ്ടിച്ചുകടത്തിയത് 22 മോട്ടോറുകള്‍. പല ദിവസങ്ങളിലായാണ് മോഷണം നടന്നത്. മോഷ്ടിച്ച മോട്ടോറുകള്‍ വാങ്ങിയ ആക്രിക്കടക്കാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായി. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്.

കൊല്ലങ്കോട് കല്ലുവെട്ടാന്‍കുഴി താഴെവിള വീട്ടില്‍ ബര്‍ഷിന്‍ (24), പതിനെട്ടുവയസ്സിനു താഴെയുള്ള മൂന്ന് കുട്ടികള്‍, ആക്രിക്കട ഉടമ കാരക്കോണം നെല്ലിക്കാല അശ്വതിഭവനില്‍ അരുണ്‍ (39) എന്നിവരെയാണ് പൊഴിയൂര്‍ പോലീസ് പിടികൂടിയത്.

പ്രവര്‍ത്തനംനിലച്ച ഉച്ചക്കടയിലെ ഇന്റഗ്രേറ്റ്‌സ് പവര്‍ലൂം വില്ലേജ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പലതവണയായി നടന്ന മോഷണങ്ങളിലായി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. കാടുമൂടിക്കിടക്കുന്ന വളപ്പിലേക്ക് ആരുംതന്നെ കടക്കാറില്ല. ഈ അവസരം മുതലെടുത്ത് പല ദിവസങ്ങളിലായാണ് മോഷണം നടത്തിയത്.

വെള്ളിയാഴ്ച രാത്രി പവര്‍ലൂം വളപ്പില്‍ നാലുപേര്‍ സംശയാസ്പദമായി നില്‍ക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പവര്‍ലൂം ഭാരവാഹികളെത്തി പരിശോധിച്ചപ്പോഴാണ് മൂന്ന് കുട്ടികളെയും യുവാവിനെയും പിടികൂടിയത്. ഇവരുടെ കൈവശം ഇരുമ്പുകമ്പികള്‍ കണ്ട് നടത്തിയ ചോദ്യംചെയ്യലിലാണ് മോഷണവിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊഴിയൂര്‍ പോലീസിന് ഇവരെ കൈമാറി. പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ മോഷണം നടത്തുവാനാണ് എത്തിയതെന്നും കഴിഞ്ഞ കുറച്ചുനാളുകളായി പതിവായി മോഷണം നടത്തിവരുന്നതായും പ്രതികള്‍ സമ്മതിച്ചു.

ചാരോട്ടുകോണത്തെ ആക്രിക്കടയില്‍ ഇവര്‍ 22 മോട്ടോറുകള്‍ വിറ്റതായി പോലീസിനോടു വെളിപ്പെടുത്തി. ആക്രിക്കടയില്‍നിന്ന് എല്ലാ മോട്ടോറുകളും പോലീസ് കണ്ടെടുത്തു. ബര്‍ഷിന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തി ആക്രിക്കടയില്‍ വില്‍പ്പന നടത്തുകയാണ് ചെയ്തുവന്നിരുന്നതെന്ന് പൊഴിയൂര്‍ പോലീസ് അറിയിച്ചു.

കോവിഡ് കാലത്ത് പ്രവര്‍ത്തനംനിലച്ച പവര്‍ലൂം വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിനായി രണ്ടുവര്‍ഷംമുന്‍പേ തുറന്നപ്പോള്‍ കെട്ടിടത്തിനുള്ളിലെ വിലപിടിപ്പുള്ള വയറിങ്ങുകളടക്കം മോഷണം പോയിരുന്നു. തുടര്‍ന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതിനിടയിലാണ് വീണ്ടും മോഷണം നടന്നത്.

 

Crime Theft