/kalakaumudi/media/media_files/2025/01/31/4oz1nq8xyjRYxnMzSzmu.jpg)
manu
പത്തനംതിട്ട: കലഞ്ഞൂരിലെ യുവാവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് ആരോപണം. കൊല്ലപ്പെട്ട മനുവിന്റെ ശരീരമാസകലമുള്ള മുറിവുകള്‍ സംശയാസ്പദമാണെന്നും അറസ്റ്റിലായ ശിവപ്രസാദിന് പിന്നിലുള്ളവരെ പൊലീസ് അന്വേഷിച്ച് കണ്ടെത്തണമെന്നും സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഹിറ്റാച്ചി ഡ്രൈവറായ മനുവിനെ കലഞ്ഞൂര്‍ ഒന്നാംകുറ്റി സ്വദേശിയായ ശിവപ്രസാദിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.
മദ്യലഹരിയില്‍ ശിവപ്രസാദ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍, മനുവിന്റെ ശരീരത്തിലെ മുറിവുകള്‍ കൂട്ടമര്‍ദ്ദനം ഉള്‍പ്പെടെ സംശയിക്കാവുന്ന തരത്തിലുള്ളതാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
മനുവിന്റെ കാലു മുതല്‍ തല വരെ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും ഇഞ്ചിഞ്ചായി അവനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും മനുവിന്റെ സുഹൃത്ത് സുബിന്‍ ആരോപിച്ചു. ഗുണ്ടാപശ്ചാത്തലമുള്ള പ്രതി ശിവപ്രസാദ് ഒറ്റയ്ക്കാണ് താമസം.
ഇയാളുടെ വീട്ടില്‍ പല ഉന്നതരും സ്ഥിരസന്ദര്‍ശകരാണ്. അതിനാല്‍, കേസിലെ ദുരുഹത നീക്കണമെന്നാണ് സുഹൃത്തുക്കളുടെ ആവശ്യം. ശിവപ്രസാദിന്റെ പറമ്പില്‍ ഹിറ്റാച്ചുമായി ജോലിക്കെത്തിയായിരുന്നു മനു. രാത്രി വൈകി ഇരുവരും ഒന്നിച്ചിരുന്നു മദ്യപിച്ചു. ഇതിനിടെ തര്‍ക്കമായതോടെ മനു, ശിവപ്രസാദിനെ ആഴത്തില്‍ കടിച്ചു.
അത് പ്രതിരോധിക്കാന്‍ ശിവപ്രസാദ് മനുവിനെ ചവിട്ടിവീഴ്ത്തുകയും തലയടിച്ച് മരണം സംഭവിച്ചുവെന്നുമാണ് നിലവില്‍ പൊലീസ് പറയുന്നത്. അതേസമയം, പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൂടല്‍ പൊലീസ് അറിയിച്ചു.