/kalakaumudi/media/media_files/2025/02/27/4oaU1JJ3XxRBEDjkdjk4.jpg)
കണ്ണൂര്‍ : ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഷെറിനെതിരെ സഹതടവുകാരിയെ മര്‍ദിച്ചതിന് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂലി എന്ന നൈജീരിയന്‍ തടവുകാരിയെ മര്‍ദിച്ചതിനു ഷെറിന്‍, സഹതടവുകാരി ഷബ്‌ന എന്നിവര്‍ക്കെതിരെയാണ് കേസ്. വനിതാ ജയിലില്‍ കഴിയുന്ന ഇവര്‍ 24ന് രാവിലെ 7.45ന് കുടിവെള്ളം എടുക്കാന്‍ പോകുന്ന നേരം ജൂലിയെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തുവെന്നാണ് പരാതി.
ശിക്ഷ ഇളവു ചെയ്തു ഷെറിനെ വിട്ടയയ്ക്കാനുള്ള അപേക്ഷ പരിഗണിച്ച് ജയില്‍ ഉപദേശകസമിതി അനുകൂല തീരുമാനമെടുത്തതു വിവാദമായിരുന്നു. ജയിലില്‍ നല്ലനടപ്പുകാരിയെന്നാണു ജയില്‍ സൂപ്രണ്ട് ഷെറിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്.
ആ ഷെറിനാണ് ഇപ്പോള്‍ സഹതടവുകാരിയെ മര്‍ദിച്ചത്. ഷെറിനെ മുന്‍പു രണ്ടു ജയിലുകളില്‍നിന്നു മാറ്റിയതു ജീവനക്കാരുടെയും സഹതടവുകാരുടെയും പരാതിയെ തുടര്‍ന്നായിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയവേ പരാതിയെത്തുടര്‍ന്ന് ആദ്യം വിയ്യൂരിലേക്കാണു മാറ്റിയത്. ഇവിടെ ജോലി ചെയ്യാന്‍ മടി കാണിച്ചതിനു ജയില്‍ ജീവനക്കാരുമായി പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്നാണു കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചത്.
പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ റിമാന്‍ഡ് കാലാവധിയും ശിക്ഷാ കാലാവധിയായി കണക്കാക്കും. അതനുസരിച്ച്, 2009 നവംബറില്‍ റിമാന്‍ഡിലായ ഷെറിന്‍ 2023 നവംബറില്‍ 14 വര്‍ഷം തികച്ചു. പിന്നീട് ആദ്യം ചേര്‍ന്ന ജയില്‍ ഉപദേശക സമിതിയിലാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്.
14 വര്‍ഷം ജയിലില്‍ കഴിഞ്ഞ ജീവപര്യന്തം തടവുകാരുടെയെല്ലാം മോചന അപേക്ഷ ജയില്‍ ഉപദേശകസമിതിക്കു മുന്‍പില്‍ വരാറുണ്ടെങ്കിലും, ആദ്യ അപേക്ഷ അംഗീകരിക്കുന്ന കീഴ്‌വഴക്കമില്ല. ആറുമാസത്തിനുശേഷം ചേരുന്ന അടുത്ത യോഗത്തിലേക്കു മാറ്റുകയാണു ചെയ്യാറുള്ളത്. എന്നാല്‍ ഷെറിന്റെ കാര്യത്തില്‍ ആദ്യയോഗം തന്നെ അംഗീകാരം നല്‍കുകയായിരുന്നു.