/kalakaumudi/media/media_files/2025/02/20/Vl90UDkPsqV5vaHS3hew.jpg)
പനാജി : അപകടകാരികളായ നായക്കളെ വളര്‍ത്തുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. റോട്ട്‌വീലര്‍, പിറ്റ്ബുള്‍ എന്നീ നായക്കള്‍ക്ക് ഉടന്‍ തന്നെ നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് പ്രമോദ് സാവന്ത് പറഞ്ഞത്.
പിറ്റ്ബുള്‍, റോട്ട് വീലര്‍ നായ ഇനങ്ങളെ ഇറക്കുമതി ചെയ്യുന്നതും ബ്രീഡ് ചെയ്യുന്നതും വില്‍ക്കുന്നതും ഉടനെ തന്നെ നിരോധിക്കും. ഗോവയില്‍ മൃഗങ്ങളെ ബ്രീഡ് ചെയ്യുന്നതും വളര്‍ത്തുന്നതും സംബന്ധിച്ച 2024 ലെ ഓര്‍ഡിനന്‍സില്‍ ഈ രണ്ട് നായ ഇനങ്ങളെയും ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ അനുമതി നല്‍കി. ആക്രമണകാരികളായ ഈ നായ ഇനങ്ങള്‍ ധാരാളം മനുഷ്യരെ ആക്രമിച്ച സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തുന്നത് എന്ന് ഗോവ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം, റോട്ട്വീലര്‍ കടിച്ചതിനെ തുടര്‍ന്ന് 40 വയസ്സുള്ള ഒരാള്‍ക്ക് പരിക്കേറ്റു. അസ്സഗാവോയിലാണ് സംഭവം. സംഭവത്തിന് ശേഷം, ചില ഇനങ്ങളുടെ (പിറ്റ്ബുള്‍, റോട്ട്വീലര്‍) ഉടമകളോട് 'തുറന്ന പൊതുസ്ഥലങ്ങളില്‍ അവരുടെ വളര്‍ത്തുമൃഗങ്ങളുമായി പുറത്തിറങ്ങരുതെന്നും ചുറ്റിത്തിരിയരുതെന്നും' അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റില്‍, വടക്കന്‍ ഗോവയിലെ അഞ്ജുനയില്‍ ഒരു പിറ്റ്ബുള്‍ നായയുടെ ആക്രമണത്തില്‍ ഏഴ് വയസ്സുള്ള ഒരു കുട്ടി മരിച്ചു. വീട്ടുജോലിക്കാരിയായ അമ്മയോടൊപ്പം കുട്ടി തൊഴിലുടമയുടെ വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം. നായ കുട്ടിയുടെ കഴുത്തിലും ശരീരത്തിലും കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.