കായംകുളം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ചൂണ്ടയിടാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പോക്‌സോ കേസ് പ്രതിയ്ക്ക് അമ്പതു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കായംകുളം പൊലീസ് സ്റ്റേഷനില്‍ 2001ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോകേസിലെ പ്രതി കായംകുളം ചേരാവള്ളി വലിയപറമ്പില്‍ ഷാജഹാനെ (ഷാജി)യാണ് ഹരിപ്പാട് അതിവേഗ പോക്‌സോ കോടതി ജഡ്ജി ഹരീഷ് ജി വിവിധ വകുപ്പുകളിലായി അമ്പതു വര്‍ഷം കഠിനതടവിനും തൊണ്ണൂറ്റി അയ്യായിരം രൂപ പിഴ ഒടുക്കാനും, പിഴ അടക്കാത്ത പക്ഷം രണ്ടു വര്‍ഷം അധികതടവിനും ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. രഘു ഹാജരായി. കായംകുളം പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന വൈ. ഷാഫിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കായംകുളം മുന്‍ ഡിവൈഎസ്പി അലക്‌സ് ബേബി. എഎസ്‌ഐമാരായ റജി, വാണി പീതാംബരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സതീഷ് കെ.സി., ദിലീപ്, പ്രശാന്ത് ശിവരാമന്‍ എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികളെ സഹായിച്ചു.