പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിൽ കള്ളവോട്ടു രേഖപ്പെടുത്തിയെന്ന എൽഡിഎഫിൻറെ പരാതിയിൽ, രണ്ട് പോളിങ് ഓഫിസർമാരെയും ബിഎൽഒയെയും സസ്പെൻഡു ചെയ്തു. ബിഎൽഒ അമ്പിളി ദേവി, പോളിങ് ഓഫിസർമാരായ ദീപ, കല എസ്. തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മരിച്ചയാളുടെ വോട്ട് മരുമകൾ രേഖപ്പെടുത്തിയെന്നാണ് പരാതി. കള്ളവോട്ട് നടന്നു എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഈ വോട്ട് അസാധുവായി കണക്കാക്കും.
ആറു വർഷം മുൻപ് മരിച്ച അന്നമ്മ എന്നയാളുടെ വോട്ട് മരുമകളായ അന്നമ്മ രേഖപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ട് അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകുമെന്നും കളക്ടർ വ്യക്തമാക്കി. എന്നാൽ സീരിയൽ നമ്പർ മാറിപ്പോയതാണെന്നും അബദ്ധവശാൽ വോട്ടു മാറി ചെയ്തതാണെന്നുമാണ് അന്നമ്മയുടെ വീട്ടുകാരുടെയും യുഡിഎഫിൻറെയും വിശദീകരണം.