എറണാകുളം : എറണാകുളത്തെ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക പീഡനം നേരിട്ട കേസില്‍ അച്ഛന്റെ അടുത്ത ബന്ധുവായ പ്രതി അറസ്റ്റില്‍. പീഡനം നടന്നത് വീടിനുളളില്‍ തന്നെയെന്ന് പൊലീസ് പറഞ്ഞു.പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് ലഭിച്ച സൂചനകളാണ് നിര്‍ണ്ണായകമായ തെളിവായി മാറിയത് . ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടിക്കരഞ്ഞെന്നും പൊലീസ് പറയുന്നു.പോക്‌സോ,ബാലനീതി വകുപ്പുകള്‍ ചുമത്തി പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി.
കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.കൊല്ലപ്പെടും മുന്‍പ് കുട്ടി പീഡനത്തിനിരയായിരുന്നു എന്നാണ് കണ്ടെത്തല്‍.പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയ പാടുകള്‍ പീഡനത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു.ഇന്നലെ രാത്രിമുഴുവന്‍ കുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തിരുന്നു.പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.പീഡനം അമ്മയുടെ അറിവോടെയാണോ എന്ന് അന്വേഷിക്കും.അമ്മയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.