/kalakaumudi/media/media_files/2025/08/03/prajwal-2025-08-03-20-31-43.jpg)
ബെംഗളൂരു: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ജെഡി (എസ്) എംപി പ്രജ്വല്‍ രേവണ്ണ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ ഔദ്യോഗികമായി ആരംഭിച്ചു. 33 വയസ്സുകാരനായ പ്രജ്വല്‍ രേവണ്ണയെ 15528ാം നമ്പര്‍ തടവുകാരനായി കുറ്റവാളികളെ പാര്‍പ്പിക്കുന്ന ബാരക്കിലെ സെല്ലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ജയിലില്‍ വെള്ള നിറത്തിലുള്ള യൂണിഫോമാണ് പ്രജ്വല്‍ രേവണ്ണ ധരിക്കേണ്ടത്. ദിവസവും എട്ട് മണിക്കൂര്‍ നിര്‍ബന്ധമായി ചെയ്യേണ്ട ജോലികളുമുണ്ട്. മറ്റേത് തടവുപുള്ളിക്കും ലഭിക്കുന്ന പരിഗണന മാത്രമേ പ്രജ്വലിനും ലഭിക്കൂ. ജയിലില്‍ അടുക്കള, പൂന്തോട്ട പരിപാലനം, തൊഴുത്ത്, പച്ചക്കറി കൃഷി, ആശാരിപ്പണി, കരകൗശല വസ്തു നിര്‍മാണം തുടങ്ങി ഏതെങ്കിലും ഒരു ജോലി പ്രജ്വല്‍ രേവണ്ണ തിരഞ്ഞെടുക്കേണ്ടതുണ്ട്. ദിവസം എട്ട് മണിക്കൂര്‍ വീതം ജോലി ചെയ്യുന്നതിനു മാസം 524 രൂപയായും ശമ്പളം ലഭിക്കുക. ചെയ്യുന്ന ജോലിയില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നത് അനുസരിച്ച് വേതന വര്‍ധനവുണ്ടാകും.
ഹാസനിലെ ഫാം ഹൗസില്‍ വച്ച് 48 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലാണ് പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 5 ലക്ഷം രൂപ പിഴയും വിധിച്ചത്. ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയുടേതായിരുന്നു വിധി. പ്രജ്വലിന്റേത് അതീവ ഗുരുതരമായ കുറ്റമെന്ന് കോടതി നിരീക്ഷിച്ചു. തനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രജ്വല്‍ രേവണ്ണ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളുകയായിരുന്നു.