/kalakaumudi/media/media_files/2025/11/27/lady-2025-11-27-10-28-56.jpg)
തൃശൂര്‍: തൃശൂര്‍ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം. ഭര്‍ത്താവ് ഷാരോണ്‍ മകള്‍ അര്‍ച്ചനയെ കൊന്നതാണെന്ന് പിതാവ് ഹരിദാസ് പറഞ്ഞു. ഷാരോണിന് സംശയരോഗമായിരുന്നു. മകളെ ക്രൂരമായി മര്‍ദിക്കുമായിരുന്നു. ആറു മാസമായി വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോലും മകളെ അനുവദിച്ചിരുന്നില്ലെന്ന് പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഞ്ചാവ് അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഷാരോണ്‍ എന്ന് പഞ്ചായത്തംഗം ബിന്ദു പ്രിയന്‍ പറഞ്ഞു. അര്‍ച്ചനയെ പലതവണ ദേഹോപദ്രവം ചെയ്തിട്ടുണ്ട്. ഇതിന് അര്‍ച്ചനയുടെ വീട്ടുകാര്‍ ഷാരോണിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വന്തമായൊരു ഫോണ്‍ പോലും അര്‍ച്ചനയ്ക്ക് ഉണ്ടായിരുന്നില്ല. വീട്ടുകാരുമായി സംസാരിക്കാനും അനുവദിച്ചിരുന്നില്ല. മാനസികമായും ശാരീരികമായും അര്‍ച്ചനയ്ക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നെന്ന് അവര്‍ പറഞ്ഞു.
മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യയായ ഇരുപതുകാരി അര്‍ച്ചനയെ ഭര്‍തൃ വീടിനു സമീപത്തുള്ള കനാലിലാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വീടിനു പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനകത്ത് വച്ച് തീകൊളുത്തിയശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഷാരോണും അര്‍ച്ചനയും തമ്മില്‍ പ്രണയത്തിലായിരുന്നു. ആറു മാസം മുന്‍പായിരുന്നു വിവാഹം. വരന്തരപ്പിള്ളി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
