ദിലീപ് തന്ന ക്വട്ടേഷന്‍ ഒന്നരക്കോടിയുടേത്: പള്‍സര്‍ സുനി

മുഴുവന്‍ തുകയും തനിക്ക് കിട്ടിയില്ലെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറയുന്നു. ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി കൂട്ടിച്ചേര്‍ത്തു

author-image
Biju
New Update
dgf

കൊച്ചി: നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടന്‍ ദിലീപ് തന്നെ എന്ന് ആവര്‍ത്തിച്ച് മുഖ്യപ്രതി പള്‍സര്‍ സുനി.ഒരു ചാനലിലെ സ്റ്റിംഗ് ഓപ്പറേഷനിടെയാണ് സുനിയുടെ വെളിപ്പെടുത്തല്‍. ഒന്നരക്കോടി രൂപയാണ് ദിലീപ് തനിക്ക് നല്‍കിയ ക്വട്ടേഷന്‍ എന്നാണ് പള്‍സര്‍ സുനി പറയുന്നത്. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തത്.

അതേസമയം മുഴുവന്‍ തുകയും തനിക്ക് കിട്ടിയില്ലെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറയുന്നു. ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി കൂട്ടിച്ചേര്‍ത്തു. 2017 ല്‍ ആയിരുന്നു കേരളക്കരയാകെ ഞെട്ടിയ കേസിന് ആസ്പദമായ സംഭവം. കാറില്‍ യാത്ര ചെയ്യുന്നതിനിടെ കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെടുകയായിരുന്നു.

പിന്നാലെ കേസില്‍ പള്‍സര്‍ സുനി അറസ്റ്റിലായിരുന്നു. സുനി ജയിലില്‍ വെച്ച് എഴുതിയ കത്ത് പുറത്തായതിന് പിന്നാലെയാണ് ദിലീപ് അറസ്റ്റിലാകുന്നത്. പിന്നീട് 84 ദിവസത്തോളം ദിലീപ് ജയിലില്‍ ആയിരുന്നു. അതേസമയം 2017 ല്‍ അറസ്റ്റിലായതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് പള്‍സര്‍ സുനി ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഉപാധികളോടെയായിരുന്നു സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.

മാധ്യമങ്ങളോട് സംസാരിക്കരുത് എന്ന ഉപാധികളോടെയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. അതിനാല്‍ തന്നെ ഒളിക്യാമറയിലൂടെയാണ് വെളിപ്പെടുത്തല്‍ പകര്‍ത്തിയത്. പൊലീസില്‍ നിന്ന് മറച്ചുവെച്ച പലകാര്യങ്ങളും സുനിയുടെ വെളിപ്പെടുത്തലില്‍ ഉണ്ട് എന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. ക്വട്ടേഷന്‍ സംബന്ധിച്ച് പള്‍സര്‍ സുനിയുടെ പ്രതികരണം ഇങ്ങനെയാണ്.

'വേറെ ഏതെങ്കിലും വക്കീലാണെങ്കില്‍ നിങ്ങള്‍ കാശ് കൊടുക്ക് എന്ന് പറയും. അവിടെ തീരും സംഭവം. അവര്‍ പറയുന്നത് അങ്ങനെ തീര്‍ക്കേണ്ട. അവര് പറയുന്നത് നിങ്ങള്‍ കേസ് കൊടുക്ക് എന്നാണ്. എന്താണ്, ദിലീപേട്ടന്റെ കൈയില്‍ നിന്ന് ഒന്നരക്കോടി രൂപയുടെ കണക്കാണ് പറഞ്ഞത്. ഇപ്പോള്‍ പുള്ളിക്ക് എന്തോരം തുക നഷ്ടപ്പെട്ടിട്ടുണ്ടാകും. ഒന്നരക്കോടി രൂപയെ ആ ക്വട്ടേഷനുള്ളൂ.

അന്ന് പുള്ളി ഒരു സിനിമയ്ക്ക് വാങ്ങുന്നത് രണ്ടര കോടി രൂപയാണ്. കൂടി വന്നാല്‍ എനിക്ക് തരാനുള്ളത് 80 ലക്ഷം രൂപയെ ഉള്ളൂ. അതാണ് ഞാന്‍ ചോദിക്കുന്നേ. ഞാന്‍ എപ്പോഴും എപ്പോഴും കാശ് ചോദിക്കുകല്ലേ. എന്റെ ആവശ്യങ്ങള്‍ വരുമ്പോള്‍ ഞാന്‍ മേടിക്കും. എടുത്ത് ചാടി ചെയ്യേണ്ട കാര്യമല്ലല്ലോ. 80 ലക്ഷത്തിനടുത്തേ ബാലന്‍സുള്ളൂ. അതില്‍ കൂടുതല്‍ വരില്ല,' പള്‍സര്‍ സുനി പറഞ്ഞു.

 

Pulsar Suni