/kalakaumudi/media/media_files/2025/07/30/klm-accuse-2025-07-30-10-21-15.jpg)
കൊല്ലം : പുനലൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്നാട് തെങ്കാശി സ്വദേശി ശങ്കറിനെ(38)യാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി. എന്‍. വിനോദ് ശിക്ഷിച്ചത്.കൊല്ലം പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്സ്റ്റാന്റിന് പിന്നില്‍ വെട്ടിപ്പുഴ പാലത്തിന് താഴെ തോട്പുറമ്പോക്കില്‍ കുടിലില്‍ താമസിച്ചിരുന്ന ഇന്ദിര, ബാബു എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
ഓരോ കൊലയ്ക്കും പ്രത്യേക ജീവപര്യന്തം തടവ് ശിക്ഷിച്ചിട്ടുണ്ടെങ്കിലും സുപ്രീംകോടതി വിധിപ്രകാരം രണ്ട് ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2023 ഏപ്രില്‍ 18-ന് രാത്രി 11-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . 2021ല്‍ പൂയപ്പള്ളി മരുതമണ്‍ പള്ളി സ്വദേശിനി ശാന്തയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണത്തടവുകാരനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതി സംഭവദിവസം ജാമ്യത്തിലിറങ്ങി പുനലൂരിലേക്ക് വരികയായിരുന്നു. മുന്‍പരിചയമുള്ള ഇന്ദിരയുടെ വീട്ടിലേക്ക് എത്തിയ പ്രതി രാത്രി അവിടെയുണ്ടായിരുന്ന ബിജുകുമാറിനൊപ്പം മദ്യപിച്ചു. ഇതിനിടയില്‍ പ്രതി ഇന്ദിരയെ കടന്നുപിടിച്ചു. ചോദ്യംചെയ്ത ബിജുകുമാറിനെ ആക്രമിച്ചു.
തുടര്‍ന്ന് ഇന്ദിരയെ മര്‍ദിച്ച് അവശയാക്കിയശേഷം അമ്മിക്കല്ല് രണ്ടുതവണ തലയിലേക്ക് ഇട്ടു. തടയാനെത്തിയ ബാബുവിനെ ഇന്റര്‍ലോക് ടൈല്‍ കൊണ്ട് തലയില്‍ അടിച്ചു. ഇരുവരുടെയും മരണം ഉറപ്പാക്കി ശരീരം വീടിനുള്ളിലേക്ക് വലിച്ചിട്ടശേഷം കടന്നു. രണ്ടുദിവസത്തിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ദുര്‍ഗന്ധം പരന്നതോടെ നടത്തിയ തിരച്ചിലില്‍ വീടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. കുറ്റകൃത്യം നേരില്‍കണ്ട ബിജുകുമാറും കൊലപാതകവിവരം പ്രതിയില്‍നിന്ന് അറിഞ്ഞ രഘുവും അടക്കം 32 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. ശാന്ത കൊലക്കേസില്‍ പ്രതി കൊട്ടാരക്കര അഡീഷണല്‍ ജില്ലാ കോടതിയില്‍ നിലവില്‍ വിചാരണ നേരിടുകയാണ്.
ദൃക്സാക്ഷിയുടെ മൊഴിയും, കുറ്റകൃത്യത്തിന് ശേഷം രഘുവെന്ന സാക്ഷിയോട് പ്രതി നടത്തിയ കുറ്റസമ്മതവും കുറ്റകൃത്യത്തിന് ശേഷം പ്രതി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും കുറ്റകൃത്യത്തിന് പ്രതി ഉപയോഗിച്ച അരകല്ല്, കുഴവി ഇന്റര്‍ലോക്ക് കട്ട എന്നിവ കൊണ്ട് തലയ്ക്കുണ്ടായ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്ന ഡോക്ടറുടെ മൊഴിയും കേസിലെ നിര്‍ണായകരേഖകളായി.പുനലൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ടി രാജേഷ് കുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി മുണ്ടയ്ക്കല്‍ ഹാജരായി.