/kalakaumudi/media/media_files/2025/01/23/uFX20lfcfPIUP0slocZA.jpg)
Ramgopal Varma
മുംബൈ: ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയാണു സംവിധായകനെതിരെ വിധി പുറപ്പെടുവിച്ചത്. കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റു ചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 7 വര്‍ഷം പഴക്കമുള്ള കേസാണിത്.
കോടതി വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല. മൂന്നുമാസത്തിനുള്ളില്‍ 3.72 ലക്ഷം രൂപ പരാതിക്കാരനു നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം മൂന്നുമാസം കൂടി അധികതടവ് അനുഭവിക്കേണ്ടിവരും. 2018ലാണു ശ്രീ എന്ന കമ്പനി രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. 2022 ജൂണില്‍ കോടതി രാം ഗോപാല്‍ വര്‍മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.
തന്റെ പുതിയ സിനിമയിലൂടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ചെയ്ത എല്ലാ 'സിനിമാ പാപങ്ങളും' കഴുകിക്കളയുമെന്ന രാം ഗോപാല്‍ വര്‍മ്മയുടെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രം പ്രഖ്യാപിച്ചുകൊണ്ട്, എക്‌സിലാണ് വര്‍മ്മ അഭിപ്രായം പറഞ്ഞത്. തന്റെ ചിത്രം ഗംഭീരമായ സൃഷ്ടിയാകുമെന്നും രാം ഗോപാല്‍ വര്‍മ്മ അവകാശപ്പെട്ടു.
ഇന്ത്യയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയുയര്‍ത്തുന്ന ഒരു ഭീകര ക്രിമിനല്‍ സംഘടനയുടെ ഉദയമാണ് തന്റെ ഈ സിനിമയെന്ന് വര്‍മ്മ പറയുന്നു. മാഫിയ ഗ്യാങ്ങുകളുടെ തെരുവ് യുദ്ധങ്ങള്‍ ഇന്ത്യയില്‍ ഒരു പ്രധാന ഭീഷണിയായിരുന്നെങ്കില്‍, ഇന്നത്തെ യഥാര്‍ത്ഥ അപകടം വിവിധ ആളുകളെ ഉള്‍ക്കൊള്ളുന്ന ശക്തമായ ഒരു സിന്‍ഡിക്കേറ്റിന്റെ രൂപീകരണമാണ്. രാഷ്ര്ടീയ ശക്തികള്‍, നിയമപാലകര്‍, അതിസമ്പന്നരായ ബിസിനസുകാര്‍, സൈനിക ഉദ്യോഗസ്ഥര്‍ ഇങ്ങനെ വിവിധ ഭാഗക്കാര്‍ ഇതില്‍പ്പെടുന്നു.
ഇന്ന് രാജ്യത്ത് നടക്കുന്ന തീവ്രമായ ധ്രുവീകരണം എങ്ങനെയാണ് ഇത്തരമൊരു അപകടകരമായ സംഘം ഉയര്‍ന്നുവരാന്‍ പാകമാകുന്നതെന്ന് സിന്ഡിക്കേറ്റ് സിനിമ പറയും – രാം ഗോപാല്‍ വര്‍മ്മ പോസ്റ്റില്‍ പറയുന്നു.
ഈ എക്‌സ് പോസ്റ്റിന്റെ അവസാനമാണ്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ചെയ്ത സിനിമ പാപങ്ങള്‍ എല്ലാം കഴുകി കളയുന്ന സിനിമയായിരിക്കും സിന്റിക്കേറ്റ് എന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.
സിന്‍ഡിക്കേറ്റിനെക്കുറിച്ചുള്ള രാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റുപറച്ചില്‍ തന്റെ മുന്‍കാല ചിത്രങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സത്യയെക്കുറിച്ച് അടുത്തിടെ പങ്കിട്ട ആത്മപരിശോധന കുറിപ്പുകളുടെ തുടര്‍ച്ചയാണ് എന്നാണ് ബോളിവുഡിലെ സംസാരം.
27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സത്യയെ കാണുന്നത് തന്നെ വല്ലാതെ വികാരഭരിതനാക്കിയെന്ന് വര്‍മ്മ വെളിപ്പെടുത്തിയിരുന്നു. സത്യ, രംഗീല തുടങ്ങിയ സിനിമകളുടെ വിജയം തന്നെ അഹങ്കാരിയാക്കിയെന്നും അത് തന്റെ സര്‍ഗ്ഗാത്മതയില്‍ ശ്രദ്ധ നഷ്ടപ്പെടാന്‍ ഇടയാക്കിയതെങ്ങനെയെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞിരുന്നു.