ചെന്നൈ: മദ്രാസ് ഐഐടിയില്‍ ഇരുപതുകാരിയായ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗിക പീഡനം. സംഭവത്തില്‍ മുംബൈ സ്വദേശിയും ഫുഡ് കോര്‍ട്ട് ജീവനക്കാരനുമായ റോഷന്‍ കുമാര്‍ (22) അറസ്റ്റിലായി. വ്യാഴാഴ്ച രാത്രി 7.30-ന് വിദ്യാര്‍ഥിനി കാമ്പസിലൂടെ നടന്നുപോകവേയാണ് സംഭവം.
വിദ്യാര്‍ഥിനി നിലവിളിച്ചതോടെ സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കോട്ടൂര്‍പുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഐഐടി സമുച്ചയത്തിലെ 'മുംബൈ ചാറ്റ്' എന്ന ഫുഡ് കോര്‍ട്ടിലാണ് റോഷന്‍ ജോലിചെയ്യുന്നത്. റോഷന്‍ വ്യാഴാഴ്ച ജോലിക്ക് പോയിരുന്നില്ല. സുഖമില്ലെന്നറിയിച്ച് മുറിയില്‍ത്തന്നെ കഴിയുകയായിരുന്നു. രാത്രിയോടെ പുറത്തിറങ്ങിയ റോഷന്‍ വിദ്യാര്‍ഥിനിയെ പിന്തുടരുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് റോഷന്‍ കുമാറിനെ അറസ്റ്റുചെയ്തതെന്ന് കോട്ടൂര്‍പുരം പോലീസ് പറഞ്ഞു. ലൈംഗികപീഡനവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ഐഐടി കാമ്പസിലെ ഫുഡ് കോര്‍ട്ടുകളില്‍ ജോലിചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ ഐഐടി അധികൃതരുടെ പക്കലുണ്ടോയെന്നും അന്വേഷിക്കും.
ഈ വര്‍ഷം ജനുവരി 14-ന് കാമ്പസില്‍ തരമണി-വേളാച്ചേരി റോഡിലേക്ക് ചായ കുടിക്കാനിറങ്ങിയ ഐഐടി ഗവേഷണ വിദ്യാര്‍ഥിനിയെ ഇതരസംസ്ഥാന ജീവനക്കാരന്‍ പീഡിപ്പിച്ചിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിയും കടയിലെ ജീവനക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. മദ്രാസ് ഐഐടിയില്‍ 2022 ജൂണിലും കാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടിരുന്നു. വിദ്യാര്‍ഥിനിയെ അടിച്ചു പരിക്കേല്പിച്ച ശേഷമാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നിര്‍മാണത്തൊഴിലാളി അറസ്റ്റിലായി.