/kalakaumudi/media/media_files/2025/08/19/vedaan-2025-08-19-20-22-06.jpg)
കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ബലാത്സംഗ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വേടന്‍ ഒളിവിലാണ്. ഈ കേസില്‍ വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് താല്‍ക്കാലികമായി അറസ്റ്റ് തടഞ്ഞത്. കേസില്‍ നാളെയും വാദം തുടരും.
കേസിലെ പരാതിക്കാരിയെ കഴിഞ്ഞ ദിവസം കോടതി കേസില്‍ കക്ഷി ചേര്‍ത്തിരുന്നു. വേടനെതിരെ ഒട്ടേറെ പേര്‍ പരാതികള്‍ ഉന്നയിച്ചിരുന്നു എന്ന് ഇന്ന് വാദത്തിനിടെ പരാതിക്കാരി ചൂണ്ടിക്കാട്ടി. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വാദമെന്ന് കോടതി പ്രതികരിച്ചു. തുടര്‍ന്ന് 'മീ ടൂ' ആരോപണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വേടന്‍ മാപ്പു പറഞ്ഞ കാര്യം പരാതിക്കാരി ചൂണ്ടിക്കാട്ടി. വേടനുമായി പിരിഞ്ഞതിനു ശേഷം വിഷാദരോഗത്തിന് അടിപ്പെട്ടെന്നും പരാതിക്കാരി പറഞ്ഞു.
ഇതിനിടെ, ബന്ധം പിരിഞ്ഞ ശേഷം ആ ബന്ധത്തിലുണ്ടായിരുന്ന ശാരീരിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി അടക്കം പറഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വേടനെതിരെ വേറെയും പരാതികളുണ്ടെന്നും അത്തരത്തില്‍ രണ്ടു പേര്‍ പരാതി മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.
എന്നാല്‍ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ മുഖ്യമന്ത്രിക്ക് എന്താണ് കാര്യമെന്നും എഫ്‌ഐആര്‍ എങ്കിലും റജിസ്റ്റര്‍ െചയ്തിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വ്യക്തമാക്കിയത്. ഇനി പ്രോസിക്യൂഷന്റേയും വേടന്റെയും വാദങ്ങള്‍ കൂടി കേട്ട ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുക. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി കോടതിയില്‍ ആരോപിച്ചിരുന്നു.