/kalakaumudi/media/media_files/2025/08/11/vedan-2025-08-11-14-45-17.jpg)
കൊച്ചി: ബലാത്സംഗ കേസില്‍ പൊലീസ് തിരയുന്ന റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടിസ്. വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെ, വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 18നു വീണ്ടും പരിഗണിക്കും. വിവാഹവാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഇക്കഴിഞ്ഞ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പുതിയ പാട്ട് ഇറക്കുന്നതിനും മറ്റുമായി 31,000 രൂപ നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. കോഴിക്കോട്ടും കൊച്ചിയിലും വച്ച് പീഡിപ്പിച്ചിട്ടുണ്ട് എന്ന പരാതിയെ തുടര്‍ന്നാണ് കേസ് തൃക്കാക്കര പൊലീസിന്റെ പരിധിയില്‍ വന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ അന്നു മുതല്‍ 2 സംഘങ്ങളാണ് വേടനെ അന്വേഷിക്കുന്നത്. വേടന്‍ സംസ്ഥാനം വിട്ടു എന്ന് പൊലീസ് ഏറക്കുറെ ഉറപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ലുക്കൗട്ട് നോട്ടിസ്.
ബലാത്സംഗ ആരോപണം നിഷേധിച്ച് മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ കോടതിയെ സമീപിച്ചിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും കുറെ നാളുകളായി തനിക്കും മാനേജര്‍ക്കും ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും നിരവധി സ്ത്രീകള്‍ തനിക്കെതിരെ പരാതി നല്‍കുമെന്നുമായിരുന്നു ഭീഷണിയെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. മാത്രമല്ല, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നത് നിലനില്‍ക്കില്ലെന്നും ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നു എന്നും വേടന്‍ പറയുന്നു. തുടര്‍ന്ന് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി കോടതി കേസ് 18ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.
നേരത്തെ വേടന്റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തുകയും ഒരു ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൊച്ചി ബോള്‍ഗാട്ടിയില്‍ ഇക്കഴിഞ്ഞ 9ന് വേടന്റെ പരിപാടി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് റദ്ദായി. പുലിനഖം കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചപ്പോള്‍ വേടന്റെ പാസ്‌പോര്‍ട്ട് കോടതിയല്‍ സമര്‍പ്പിച്ചിരുന്നു. പിന്നീട് ഇത് ഉപാധികളോടെ തിരിച്ചുനല്‍കി. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.