/kalakaumudi/media/media_files/2025/08/18/vedaan-2025-08-18-20-19-41.jpg)
കൊച്ചി: ബലാത്സംഗ കേസില്‍ പൊലീസ് തിരയുന്ന റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍. വേടനെതിരെ വേറെയും ലൈംഗികാതിക്രമ കേസുകളും 2 പരാതികളും പുതുതായി ഉയര്‍ന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് പരാതിക്കാരിയെ കേസില്‍ കക്ഷി ചേരാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് അനുവദിച്ചു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും.
നേരത്തെ, വേടന്‍ വിദേശത്തേക്ക് കടക്കുന്നതു തടയാനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിവാഹവാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഇക്കഴിഞ്ഞ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ ബലാത്സംഗ ആരോപണം നിഷേധിച്ച വേടന്‍, തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും കുറെ നാളുകളായി തനിക്കും മാനേജര്‍ക്കും ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും നിരവധി സ്ത്രീകള്‍ പരാതി നല്‍കുമെന്നുമായിരുന്നു ഭീഷണിയെന്നുമാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നത് നിലനില്‍ക്കില്ലെന്നും ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നു എന്നും വേടന്‍ പറയുന്നു. തുടര്‍ന്ന് കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി. പൊലീസ് റിപ്പോര്‍ട്ട് നാളെ പരിഗണിച്ചേക്കും.
2020ലും 2021ലും വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്നു കാട്ടി 2 യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി പരാതിക്കാരി ഇന്ന് കോടതിയെ അറിയിച്ചു. ഇത് ഡിജിപിക്ക് കൈമാറിയതായാണ് താന്‍ മനസിലാക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു. ഇത്തരത്തില്‍ ഒട്ടേറെ പേരാണ് വേടനെതിരെ പരാതി ഉന്നയിക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഓരോ പരാതിയും അവയുടേതായ മെറിറ്റില്‍ വേണം പരിശോധിക്കാനെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരിയെ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കുകയായിരുന്നു.