Representative Image
പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിയെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാമ്പില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
പെരുമ്പാവൂര്‍ ഒന്നാം മൈലില്‍ താസമിക്കുന്ന യുവതിയുടെ വീട്ടില് കഴിഞ്ഞ ചൊവ്വാഴ്ചയോടെയായിരുന്നു ആക്രമണം. പുലര്‍ച്ചെ 3 മണിയോടെ വീടിന്റെ അടുക്കള വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ പ്രതി അബിന്‍ ടോമി കിടപ്പുമുറിയ്ക്കകത്ത് സൂക്ഷിച്ച 3200 രൂപ കവരുകയും ഉറങ്ങിക്കിടന്ന യുവതിയുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചതോടെ യുവതി ഞെട്ടിയുണര്‍ന്നു. ശബ്ദമുണ്ടാക്കാതിരിക്കാന്‍ പ്രതി യുവതിയുടെ വായ പൊത്തിപ്പിടിച്ചു. യുവതി പ്രതിയുടെ വിരലില്‍ കടിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അബിന്‍ ടോമിയിലേക്ക് പൊലീസ് എത്തിയത്.
നെല്ലിക്കുഴിയിലെ അതിഥി തൊഴിലാളികലുടെ ലേബര്‍ ക്യാമ്പില്‍ ഒളിച്ചു കഴിയുകയായിരുന്നു അബിന്‍. പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തി. പ്രതിയ്‌ക്കെതിരെ സമാന കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അബിന്‍ ടോമിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.