/kalakaumudi/media/media_files/2025/03/08/9XoPD6MikvvAqTeIHf0n.jpg)
ന്യൂഡല്‍ഹി : ദുബായിലെ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തിനു മുന്നോടിയായി 5,000 കോടി രൂപയുടെ വാതുവയ്പ്പ് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ദാവൂദ് ഇബ്രാഹിമിന്റെ സംഘമായ 'ഡി കമ്പനി' ഉള്‍പ്പെടെ വാതുവയ്പ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. വാതുവയ്പ്പുകാരുടെ പ്രിയപ്പെട്ട ടീം ഇന്ത്യയാണെന്നും സൂചനകളുണ്ട്.
ചാംപ്യന്‍സ് ട്രോഫിക്കിടെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം 5 വാതുവയ്പ്പുകാരെ അറസ്റ്റ് ചെയ്തിരുന്നു. സെമി ഫൈനലില്‍ ഇവര്‍ വാതുവയ്പ്പ് നടത്തിയെന്നും ഇവരെ ചോദ്യം ചെയ്തതോടെയാണ് വാതുവയ്പ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതെന്നുമാണ് പൊലീസ് പറയുന്നത്.
ഇന്ത്യ-ഓസ്‌ട്രേലിയ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മത്സരത്തില്‍ വാതുവയ്പ്പ് നടത്തിയതിനാണു പര്‍വീണ്‍ കൊച്ചാര്‍, സഞ്ജയ് കുമാര്‍ എന്നീ 2 വാതുവയ്പ്പുകാരെ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും ഉപയോഗിച്ച് വാതുവയ്പ്പ് നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
വാതുവയ്പ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് ഇവരില്‍നിന്നു പിടിച്ചെടുത്തിരുന്നു. 'ലക്കി.കോം' എന്ന വെബ്സൈറ്റ് കേന്ദ്രീകരിച്ചായിരുന്നു പ്രതികള്‍ വാതുവയ്പ്പ് നടത്തിയതെന്നാണ് വിവരം. ഈ സൈറ്റ് ഉപയോഗിച്ച് വാതുവയ്പ്പ് ഐഡികള്‍ സൃഷ്ടിച്ച ശേഷം ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നതായിരുന്നു രീതി. ഓരോ ഇടപാടിനും 3 ശതമാനം കമ്മിഷനും പ്രതികള്‍ ഈടാക്കിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വാതുവയ്പ്പുകാരുടെ ആവശ്യാനുസരണം ഓഫ്ലൈന്‍ വാതുവയ്പ്പിനും പ്രതികള്‍ അവസരം ഒരുക്കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി വാതുവയ്പ്പ് നടത്തുന്നതിനായി പര്‍വീണ്‍ കൊച്ചാര്‍ പ്രതിമാസം 35,000 രൂപ വാടക വരുന്ന ഒരു വീട് എടുത്തിരുന്നതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.