/kalakaumudi/media/media_files/2025/08/24/total-2025-08-24-14-12-42.jpg)
തിരുവനന്തപുരം: കേരളത്തില്‍ വലിയ ചര്‍ച്ചയായ 'ടോട്ടല്‍ ഫോര്‍ യു' സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിനെതിരെ മറ്റൊരു തട്ടിപ്പ് കേസ്. ഓണ്‍ലൈന്‍ ട്രേഡിങിനുവേണ്ടി അഭിഭാഷകനില്‍നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വഞ്ചിയൂര്‍ പൊലീസാണ് കേസെടുത്ത്. സഞ്ജയ് എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കോടതിയില്‍വച്ചുള്ള പരിചയമാണ് സാമ്പത്തിക ഇടപാടുകളിലേക്ക് നയിച്ചത്.
കോടികളുടെ തട്ടിപ്പ് നടത്തിയതിന് 2008ല്‍ ശബരിനാഥിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജയില്‍ മോചിതനായി. ഇയാള്‍ കേരളത്തിലില്ലെന്നാണ് പൊലീസ് പറയുന്നത്. നിരവധി കേസുകളില്‍ ഇയാള്‍ വിചാരണ നേരിടുകയാണ്. ശബരീനാഥിനെതിരെ കേസെടുത്തതായി വഞ്ചിയൂര്‍ എസ്എച്ച്ഒ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ഓണ്‍ലൈന്‍ ട്രേഡിങ് സ്ഥാപനം നടത്തി ലാഭമുണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. ബാങ്ക് രേഖകള്‍ പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു.
ടോട്ടല്‍ ഫോര്‍ യുതട്ടിപ്പ് കേസിന്റെ നാള്‍വഴി;
പതിനെട്ടു വയസ്സുമാത്രമുള്ള കൗമാരക്കാരന്റെ വാക്കുകേട്ടു ലക്ഷങ്ങളും കോടികളും നിക്ഷേപിക്കുക! ഒന്നും രണ്ടുമല്ല ആയിരത്തിലേറെ പേര്‍. ശബരീനാഥ് എന്ന ചെറുപ്പക്കാരന്‍ നടത്തിയ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസ് പെട്ടെന്നു കോടികളുണ്ടാക്കാന്‍ കുറുക്കുവഴി തേടിയവര്‍ക്കു കിട്ടിയ ഒന്നാന്തരം പണിയായിരുന്നു. ചലച്ചിത്ര താരങ്ങളും ജുഡീഷ്യല്‍ ഓഫിസര്‍മാരും ബിസിനസ് പ്രമുഖരുംവരെ വഞ്ചിതരായവരുടെ പട്ടികയിലുണ്ടായിരുന്നു. ആരെയും വെല്ലുന്ന വാക്ചാതുരിയായിരുന്നു ശബരിയുടെ പ്രത്യേകത. കള്ളപ്പണം നിക്ഷേപിച്ചവരില്‍ പലരും പൊലീസില്‍ പരാതിപ്പെടാന്‍ പോലും തയാറായില്ല.
തിരുവനന്തപുരത്തു മെഡിക്കല്‍ കോളജ്, ചാലക്കുഴി, സ്റ്റാച്യു ക്യാപിറ്റോള്‍ ടവേഴ്സ്, പുന്നപുരം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഐനെസ്റ്റ്, എസ്ജെആര്‍, ടോട്ടല്‍ സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ ആരംഭിച്ചായിരുന്നു തട്ടിപ്പിനു തുടക്കം.
നിക്ഷേപകര്‍ക്ക് 100% വളര്‍ച്ചാനിരക്കും 20% ഏജന്റ് കമ്മിഷനും വാഗ്ദാനം ചെയ്തു. ബിസിനസ് തകര്‍ന്നതോടെ 19-ാം വയസ്സില്‍ 2008 ഓഗസ്റ്റ് ഒന്നിനു നാഗര്‍കോവിലില്‍ വച്ചാണ് ശബരി അറസ്റ്റിലാകുന്നത്. 2011 മാര്‍ച്ചില്‍ ജാമ്യത്തിലിറങ്ങി മൂന്നു വര്‍ഷത്തോളം പൊലീസിനു പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞു. കോടികളുടെ ഭൂമി, പാതിവഴിയിലെത്തിയ റിസോര്‍ട്ട്, നൂറു പവന്റെ വജ്ര, സ്വര്‍ണാഭരണങ്ങള്‍, 22 ആഡംബര കാറുകള്‍ എന്നിവ അറസ്റ്റു ചെയ്യുമ്പോള്‍ ഇയാളുടെ പേരിലുണ്ടായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചിനുമായിരുന്നു അന്വേഷണച്ചുമതല.
ആകെ 33 കേസുകളാണു റജിസ്റ്റര്‍ ചെയ്തത്. ഇത് ഒന്‍പതെണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജാമ്യത്തിലിറങ്ങി മുങ്ങിയ ശബരി വിദേശത്തേക്കു കടക്കാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പു നല്‍കിയതുമൂലം തടസ്സപ്പെട്ടു.
നിക്ഷേപകര്‍ വീട്ടിലെത്തി ബഹളം വയ്ക്കുകയും ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഒടുവില്‍ കീഴടങ്ങുന്നത്. ശബരീനാഥിന്റെയും കൂട്ടുപ്രതികളുടെയും പേരിലുള്ള 22 ആഡംബര കാറുകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു. ഇതില്‍ 17 കാറുകള്‍ കോടതി റിസീവര്‍ മുഖേന വിറ്റ് ഏതാനും പേര്‍ക്കു പണം നല്‍കി. രണ്ടു വീടുകളും ഇയാള്‍ മുന്‍കൂര്‍ പണം നല്‍കി കരാര്‍ എഴുതിയ വസ്തുക്കളും കണ്ടുകെട്ടി. പിന്നീട് ശബരീനാഥ് ജാമ്യത്തിലിറങ്ങി.