/kalakaumudi/media/media_files/2025/10/15/chenthamara-2025-10-15-09-33-26.jpg)
പാലക്കാട്: 'ഞാന്‍ അവളെ വെട്ടിക്കൊന്നു' നെന്മാറ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയശേഷം പ്രതി ചെന്താമര സഹോദരനെ വിളിച്ചു പറഞ്ഞതിങ്ങനെ. 'നീ എവിടെയെങ്കിലും പോയി ചത്തോ' എന്നായിരുന്നു സഹോദരന്റെ മറുപടി. ഈ മൊഴി കേസില്‍ പ്രധാന തെളിവായി. ഫോണ്‍ രേഖകളും ഉണ്ടായിരുന്നു.
സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്നു കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ശിക്ഷ നാളെ വിധിക്കും. 2019 ഓഗസ്റ്റ് 31നാണ് സജിതയെ (35) പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സുധാകരന്‍ തിരുപ്പൂരില്‍ ജോലിസ്ഥലത്തും മക്കള്‍ സ്‌കൂളിലുമായിരുന്നു. തന്റെ കുടുംബം തകര്‍ത്തതു സജിതയാണെന്ന അയല്‍വാസിയും ബോയന്‍ കോളനി സ്വദേശിയുമായ ചെന്താമരയുടെ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത് എന്നാണു പൊലീസിന്റെ കണ്ടെത്തല്‍.
ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേ 2025 ജനുവരി 27നു സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണു ചെന്താമര. സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതോടെ ഒരു നാടിന്റെ ഭീതിക്കുകൂടിയാണ് ശമനമാകുന്നത്. ഇനിയും ചിലരെക്കൂടി ലക്ഷ്യമിട്ടിട്ടുണ്ടെന്നു ചെന്താമര ഭീഷണി മുഴക്കിയതാണു സജിതയുടെ ബന്ധുക്കളെയും നാട്ടുകാരെയും ഭയപ്പെടുത്തിയത്.
പ്രതിക്കെതിരെ മൊഴി നല്‍കാന്‍ പോലും ഭയപ്പെടുന്ന സാഹചര്യമായിരുന്നു. ഇതു മറികടക്കാന്‍ സാക്ഷികള്‍ക്കു പൊലീസും പ്രോസിക്യൂഷനും പൂര്‍ണ പിന്തുണയും സംരക്ഷണവും നല്‍കി. സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ സഹോദരന്റെ രഹസ്യമൊഴി കോടതി മുന്‍പാകെ പൊലീസ് ആദ്യം തന്നെ രേഖപ്പെടുത്തിയിരുന്നു. ഇതടക്കമുള്ള മൊഴികളും അനുബന്ധ തെളിവുകളും വിചാരണക്കോടതിയില്‍ നിര്‍ണായകമായി. ചെന്താമരയുടെ ഭാര്യ, കൊല്ലപ്പെട്ട സജിതയുടെ മകള്‍, പ്രധാനസാക്ഷി പുഷ്പ എന്നിവരുടെ മൊഴികളും പ്രധാനമായിരുന്നു.
സജിത വധക്കേസിന്റെ ആദ്യത്തെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്‌ഐആര്‍) പ്രതി ചെന്താമരയുടെ പേരില്ല. ആ സമയത്ത് പ്രതി ആരെന്നു വ്യക്തമല്ലായിരുന്നു. ദൃക്‌സാക്ഷികളും ഇല്ല. ചെന്താമരയ്ക്കു സജിതയുടെ കുടുംബത്തോടുള്ള പകയെക്കുറിച്ച് പൊലീസിനു സൂചനകള്‍ ലഭിച്ചിരുന്നു. കൊലപാതകം നടന്ന സമയത്തോടനുബന്ധിച്ചു പ്രതി ചെന്താമര അയാളുടെ വീട്ടില്‍ നിന്ന് ഇറങ്ങുന്നതു കണ്ടെന്ന മൊഴികളും സഹായകരമായി.
ചോരപുരണ്ട വസ്ത്രങ്ങള്‍, കൊലയ്ക്ക് ഉപയോഗിച്ച ആയുധമടക്കം പ്രതി ചെന്താമരയുടെ ഭാര്യ തിരിച്ചറിഞ്ഞു. ശാസ്ത്രീയ തെളിവുകളും ഉണ്ടായിരുന്നു. സജിതയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങളും രക്തക്കറ പുരണ്ട ആയുധവും പ്രതിയുടെ വീട്ടില്‍ നിന്നു കണ്ടെടുത്തതും നിര്‍ണായക തെളിവായി. കേസിലെ സാക്ഷികള്‍ ആരും കൂറുമാറിയില്ല. ''2 പേരെ കൊന്നു. 100 കൊല്ലം വേണമെങ്കിലും എന്നെ ശിക്ഷിച്ചോളൂ. എത്രയും പെട്ടെന്നു വിധി വേണം. ഇനി പുറത്തിറങ്ങേണ്ട. ആരേയും കാണേണ്ട'' നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായി ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചെന്താമര പ്രതികരിച്ചതിങ്ങനെ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
