പന്തീരാങ്കാവ്: പണയംവെച്ച സ്വര്‍ണം മാറ്റിവെക്കാനാണെന്ന വ്യാജേന 40 ലക്ഷംരൂപ തട്ടിയെടുത്ത കേസില്‍ ഒന്നാംപ്രതി ഷിബിന്‍ലാലിന്റെ ഭാര്യയെയും ബന്ധുവിനെയും പോലീസ് അറസ്റ്റ്‌ചെയ്തു. ഷിബിന്‍ലാലിന്റെ ഭാര്യ കൃഷ്ണലേഖ (29), ബന്ധുവായ ദിനരഞ്ജു (32) എന്നിവരെയാണ് ശനിയാഴ്ച ഉച്ചയോടെ പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ഷാജുവും എസ്ഐ പ്രശാന്തും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഗൂഢാലോചനക്കുറ്റവും, വ്യാജരേഖ ഉണ്ടാക്കി നല്‍കുക വഴി കുറ്റകൃത്യത്തില്‍ പരോക്ഷമായി സഹായിച്ചതുമാണ് കൃഷ്ണലേഖക്കെതിരേ ചുമത്തിയ വകുപ്പുകള്‍. കവര്‍ച്ച നടന്നദിവസം രാത്രി മോട്ടോര്‍ സൈക്കിളില്‍ പാലക്കാട്ടേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതാണ് മൂന്നാം പ്രതി ദിനരഞ്ജു വിന്റെപേരിലുളള കുറ്റം. ഇരുവരെയും ജുഡീഷ്യല്‍ ക്ലാസ് മജിസ്‌ട്രേറ്റ് മൂന്ന് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഷിബിന്‍ലാലിന്റെയൊപ്പം കൃഷ്ണലേഖ രാമനാട്ടുകര ഇസാഫ് ബാങ്കിലെത്തി തനിക്ക് പന്തീരാങ്കാവ് ഗ്രാമീണ്‍ ബാങ്കില്‍ 10 ലക്ഷത്തിന്റെ സ്വര്‍ണപ്പണയം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജസത്യവാങ്മൂലം നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. അക്ഷയ ഫിനാന്‍സില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണമുണ്ടെന്നും അതെടുത്ത് മാറ്റിവെക്കാന്‍ താത്പര്യമറിയിച്ച് ഒന്നാം പ്രതിയെത്തി അക്കൗണ്ട് തുറന്നിരുന്നു. പണം നഷ്ടപ്പെട്ട സംഭവത്തിന് രണ്ടുദിവസംമുമ്പ് ഭാര്യ കൃഷ്ണലേഖയും ഇസാഫില്‍ പുതിയതായി അക്കൗണ്ട് എടുത്തിരുന്നു. ഈ രണ്ട് ഘടകങ്ങളാണ് കൃഷ്ണലേഖക്ക് ഇതില്‍ പങ്കുണ്ടെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്.
പ്രതി തട്ടിയെടുത്ത 40 ലക്ഷംരൂപയില്‍ ഒരുലക്ഷം രൂപ മാത്രമാണ് ബാഗിലുണ്ടായിരുന്നത് എന്ന വാദമാണ് ഇപ്പോഴും പ്രതിക്കുള്ളത്. അതേസമയം, 40 ലക്ഷംരൂപ നഷ്ടപ്പെട്ടതായി ബാങ്ക് പറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ 39 ലക്ഷംരൂപയെവിടെ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തി വേഗത്തില്‍ കേസ് തെളിയിക്കാനാണ് പോലീസ് നീക്കം.