/kalakaumudi/media/media_files/2025/06/16/rFyRcUytT8UOC4kzmgYY.jpg)
ചെന്നൈ: അബദ്ധത്തില്‍ വനിതാ പോലീസ് ഇന്‍സ്പെക്ടറുടെ മെബൈലിലേക്കു വിളിച്ച് സ്വയം കുരുക്കിലകപ്പെട്ട് തട്ടിപ്പുസംഘം. ഇതോടെ ചെന്നൈ നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്റര്‍ പോലീസ് കണ്ടെത്തി പൂട്ടിച്ചു. ചെന്നൈ വെസ്റ്റ് സോണ്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ശാന്തിദേവിയുടെ സമയോചിത ഇടപെടലാണ് തട്ടിപ്പുസംഘത്തെ കുരുക്കിയത്. ചെന്നൈയുടെ ഹൃദയഭാഗമാത്തുള്ള തേനാംപേട്ടിലാണ് വ്യാജ കോള്‍സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.
ശാന്തിദേവിക്ക് പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ ലഭിച്ചു. സ്വകാര്യ ബാങ്കില്‍നിന്ന് നന്ദിനി എന്നു പേരുള്ള സ്ത്രീയാണ് വിളിച്ചത്. ഇന്‍ഷുറന്‍സ് പോളിസി കാലാവധി കഴിഞ്ഞതായും ഇന്‍സ്പെക്ടര്‍ക്ക് 2.85 ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ടെന്നും പണം വേഗത്തില്‍ കിട്ടാനായി ജിഎസ്ടി നിരക്കായി 15,000 രൂപ നല്‍കണമെന്നുമായിരുന്നു അറിയിച്ചത്. നേരിട്ടുവരേണ്ട ആവശ്യമില്ലെന്നും പണം ഗൂഗിള്‍ പേ ചെയ്താല്‍ മതിയെന്നും പ്രോസസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ തുക ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. താന്‍ ആശുപത്രിയിലാണെന്നും തിരികെ വിളിക്കാമെന്നും ശാന്തിദേവി മറുപടിനല്‍കി സംസാരം അവസാനിപ്പിച്ചു.
തുടര്‍ന്ന് തന്നെ വിളിച്ച നമ്പറിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമമായി. മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലം കണ്ടെത്തിയപ്പോഴാണ് വ്യാജ കോള്‍സെന്റര്‍ കണ്ടെത്തിയത്. തുച്ഛമായ വേതനത്തിന് അവിടെ അന്‍പതോളം ടെലി കോളര്‍മാര്‍ ജോലിചെയ്തിരുന്നു. ഇതില്‍ പലര്‍ക്കും തങ്ങള്‍ തട്ടിപ്പുനടത്തുന്നുവെന്ന കാര്യംപോലും അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോള്‍ സെന്റര്‍ ഉടമ മുനീര്‍ ഹുസൈനെയും സഹായി അശോകനെയും പോലീസ് അറസ്റ്റുചെയ്തു.
മുനീര്‍ ഹുസൈനെ 2020-ല്‍ സമാനതട്ടിപ്പില്‍ അറസ്റ്റുചെയ്ത് ഗുണ്ടാച്ചട്ടം ചുമത്തിയിരുന്നു. ജയിലില്‍നിന്നു പുറത്തിറങ്ങിയശേഷം വീണ്ടും വ്യാജ കോള്‍ സെന്റര്‍ തുടങ്ങുകയായിരുന്നു. ഇയാളുടെ ഭാര്യാസഹോദരന്‍ ജാവിദും സമീപത്തായി മറ്റൊരു അനധികൃത കോള്‍ സെന്റര്‍ നടത്തിയിരുന്നതായി വിവരം ലഭിച്ചു. അവിടെ പോലിസ് എത്തിയപ്പോഴക്കും സ്ഥാപനം പൂട്ടി ജാവീദ് രക്ഷപ്പെട്ടിരുന്നു.