/kalakaumudi/media/media_files/2025/11/06/kavitha-2025-11-06-11-26-35.jpg)
പത്തനംതിട്ട: തിരുവല്ലയിൽ കവിത എന്ന പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡിൽ കുത്തിവീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ വിധി ഇന്ന്.
പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് അഡീഷണൽ ജില്ലാ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2019 മാർച്ച് 12ന് തിരുവല്ലയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇടറോഡിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കവിയൂർ സ്വദേശിനിയായ കവിത(19)യെ തിരുവല്ല നഗരത്തിൽ വെച്ച് അജിൻ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.കവിതയും പ്രതിയും ഹയർ സെക്കൻഡറി ക്ലാസുകളിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു.
ഇതിനുശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ എംഎൽടി കോഴ്സിന് ചേർന്നു.
പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.
പിന്നാലെ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കവിത എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ആക്രമണത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച അജിനെ, കൈ കാലുകൾ ബന്ധിച്ച് നാട്ടുകാർ പൊലീസിൽ ഏൽപിക്കുകയായിരുന്നു.
പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്ന് കവിതയുടെ കുടുംബം ആവശ്യപ്പെട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
