/kalakaumudi/media/media_files/2025/08/14/cherthala-2025-08-14-12-09-34.jpg)
കോട്ടയം: പരമ്പര കൊലയാളിയെന്ന് സംശയിക്കുന്ന ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരണം. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
സെബാസ്റ്റ്യന്‍ പണമിടപാട് സ്ഥാപനങ്ങളില്‍ പണയംവച്ച സ്വര്‍ണാഭരണങ്ങള്‍ ജെയ്‌നമ്മയുടേത് തന്നെയെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രക്തക്കറയുടെ ജെയ്‌നമ്മയുടേതെന്ന് വ്യക്തമായതോടെ മൂന്ന് സ്ത്രീകളെ കാണാതായ കേസില്‍ ആദ്യ കൊലപാതകത്തിന്റെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പുറകുവശത്തെ മുറിയിലാണ് രക്തക്കറ കണ്ടെത്തിയത്. അതേസമയം, വീട്ടുവളപ്പില്‍നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലം ലഭ്യമായിട്ടില്ല. ശരീരാവശിഷ്ടങ്ങള്‍ സ്ത്രീയുടേതാണെന്ന് വ്യക്തമായിരുന്നു. ഫലം ലഭിച്ചിട്ടില്ലെങ്കിലും ഇത് ജെയ്‌നമ്മയുടെ മൃതദേഹാവശിഷ്ടമാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ജെയ്‌നമ്മയെ കൂടാതെ ചേര്‍ത്തല വാരനാട് സ്വദേശി ഐഷ, കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ എന്നിവരെ കാണാതായ കേസിലും സെബാസ്റ്റ്യന്‍ പ്രതിയാണ്. 2002 മുതലാണ് ബിന്ദു പത്മനാഭനെ കാണാതായത്. മൂന്നുപേരും കൊലപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് അന്വേഷണസംഘം കരുതുന്നു.
ധ്യാനകേന്ദ്രങ്ങളില്‍ പതിവായി പോകുമായിരുന്ന ജെയ്‌നമ്മയെ അവിടെവച്ചാകും സെബാസ്റ്റ്യന്‍ പരിചയപ്പെട്ടിരിക്കുക എന്നാണ് നിഗമനം. ബിന്ദു പത്മനാഭന്റെ സ്വത്ത് തട്ടിയെടുത്ത് വിറ്റ കേസില്‍ സെബാസ്റ്റ്യന്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ബിന്ദുവിനെ കാണാതായതുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ ആരോപണമുയര്‍ന്നെങ്കിലും അന്വേഷണത്തില്‍ കാര്യമായി ഒന്നും കണ്ടെത്താനായിരുന്നില്ല.